
കൊല്ലം: ശബരിമല ദർശനത്തിനെത്തിയ തമിഴ്‌നാട് സംഘത്തിൽ നിന്ന് കൂട്ടം തെറ്റി കൊല്ലത്തെത്തിയ എ. കരുണാനിധിയെ (58) ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോയി.
മകര വിളക്ക് സമയത്ത് നിലയ്‌ക്കലിൽ വച്ചു കാണാതായ കരുണാനിധിയെ പിന്നീട് കൊല്ലം റെയിൽവെ സ്‌റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആർ.പി.എഫുകാർ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെ ഡിസ്‌ചാർജ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ കരുണാനിധിയെ കൊല്ലം വെസ്‌റ്റ് പൊലീസ് കണ്ടെത്തി വീണ്ടും അശുപത്രിയിലെത്തിച്ചു. കൈയ്‌ക്ക് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ശസ്‌ത്രക്രിയയ്ക്ക് ശേഷം, ജീവകാരുണ്യ പ്രവർത്തകരായ കാവനാട് ഗണേശും ബാബുവും ചേർന്നു പൊലീസിന്റെ അനുമതിയോടെ കോയിവിളയിലെ ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലെത്തിച്ചു. ഓർമ്മകൾ നഷ്‌ടപ്പെട്ട കരുണാനിധിയുടെ ഫോട്ടോ തമിഴ്‌നാട് പൊലീസിന് കൈമാറിയതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പമ്പ പൊലീസ് മാൻ മിസിംഗിന് കേസ് രജിസ്‌റ്റർ ചെയ്‌തതിനാൽ അവിടെ നിന്ന് പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കൈമാറ്രം.