road-local-story
കുത്തിപ്പൊളിച്ചിട്ട കുരീപ്പുഴ കാവനാട്ട് വിള റോഡിലെ ടാറിംഗ് ജോലികൾ ആരംഭിച്ചപ്പോൾ

 നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്

അഞ്ചാലുംമൂട്: രണ്ട് മാസത്തിലേറെയായി നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്ന കൊച്ചാലുംമൂട്- കാവനാട്ട് വിള- കളീലിൽ -കൂട്ടുംഗൽ റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. ഇന്നലെ രാവിലെ റോഡ് പണിക്കാവശ്യമായ നിർമ്മാണ സാമഗ്രികൾ സ്ഥലത്തെത്തിച്ചു. പുനർനിർമ്മാണത്തിന്റെ പേരിൽ റോഡ് കുത്തിപ്പൊളിച്ചിട്ട് രണ്ട് മാസമായിട്ടും ടാറിംഗ് നടത്താത്തതിനെക്കുറിച്ച് 22ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് കോർപ്പറേഷൻ അധികൃതർ ഇടപെട്ട് റോഡ് പണി ആരംഭിച്ചത്.

നിർമ്മാണം ഉന്നത നിലവാരത്തിൽ

എം.മുകേഷ് എം.എൽ.എയുടെ 60ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് 1.8 കിലോമീറ്റർ നീളമുള്ള കോർപ്പറേഷന്റെ അധീനതയിലുള്ള റോഡ് ടാർ ചെയ്യുക. വീതിയിൽ ടാർ ചെയ്ത ശേഷം വശങ്ങളിൽ കോൺക്രീറ്റ് ചെയ്യും. ബി.എം ആൻഡ് ബി.സിയുടെ അതേ നിലവാരത്തിലാകും ടാറിംഗ്. നവകേരളസദസിനും മറ്റുമായി നഗരത്തിലെ മറ്റ് റോഡുകൾ ടാർ ചെയ്യുന്നതിന്റെ തിരക്കായതിനാലാണ് കാവനാട്ടുവിള-കൂട്ടുംഗൽ റോഡിന്റെ ടാറിംഗ് വൈകാൻ ഇടയായതെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.നഗരത്തിലെ മറ്റ് റോഡുകൾ ടാറിംഗ് നടത്താൻ കരാർ എടുത്തയാളാണ് ഈ റോഡിനും കരാറെടുത്തിരിക്കുന്നത്.

ഗതാഗത നിയന്ത്രണം

ടാറിംഗ് ജോലികൾ പുനരാരംഭിച്ചതിനാൽ കൊച്ചാലുംമൂട്- കാവനാട്ട് വിള- കളീലിൽ -കൂട്ടുംഗൽ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് നൽകാനാകുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. ഒരാഴ്ചയ്ക്കകം ടാറിംഗ് ആരംഭിക്കുമെന്ന് പറഞ്ഞായിരുന്നു രണ്ട് മാസം മുമ്പ് റോഡ് കുത്തിപൊളിച്ചിട്ടത്.പണി ആരംഭിക്കാതായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരെത്തി റോഡിന്റെ അളവ് എടുത്ത് പോകുമെന്നല്ലാതെ യാതൊരു തുടർനടപടിയും ഉണ്ടായിരുന്നില്ല.

നാട്ടുകാർക്ക് ആശ്വാസം
റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോളുണ്ടാകുന്ന രൂക്ഷമായ പൊടിശല്ല്യം മൂലം റോഡിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളിലെ പ്രായമായവർക്കും കുട്ടികൾക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആക്ഷേപമുയർന്നിരുന്നു. റോഡ് പണിപൂർത്തിയാകുന്നതോടെ രണ്ട് മാസത്തിലേറെ അനുഭവിച്ച ദുരിതത്തിന് അറുതിയാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.