ജി.എസ്.ടിയും റോയൽറ്റിയും സർക്കാർ ഒഴിവാക്കിയേക്കും
കൊല്ലം: കേന്ദ്ര നിബന്ധന പ്രകാരം, ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിന് ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ, കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിലെ കാറും കോളും ഒഴിയുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന ധാരണയിലാണ് ഗ്രീൻഫീൽഡ് ഹൈവേയുടെ നടപടി ക്രമങ്ങൾ ആരംഭിച്ചത്. തുടർന്ന് പാത കടന്നുപോകുന്ന ബഹുഭൂരിപക്ഷം വില്ലേജുകളിലും സ്ഥലമേറ്റെടുക്കലിന്റെ ആദ്യഘട്ടമായ ത്രി എ വിജ്ഞാനം പുറപ്പെടുവിച്ചു. ഇതിനിടെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ 25 ശതമാനം ചെലവ് വഹിക്കാമെന്ന ഉറപ്പിൽ നിന്നു പിന്നോട്ടുപോയി. കേരളത്തിലെ ഭീമമായ സ്ഥലമേറ്റെടുക്കൽ ചെലവ് പൂർണമായും തങ്ങൾക്ക് വഹിക്കാനാകില്ലെന്ന് നാഷണൽ ഹൈവേ അതോറിട്ടി നിലപാടെടുത്തതോടെ ആകെ പ്രതിസന്ധിയായി.
നിർമ്മാണ സാമഗ്രികൾക്കുള്ള ജി.എസ്.ടിയോ റോയൽറ്റിയോ ഒഴിവാക്കിയാൽ സ്ഥലമേറ്റെടുക്കൽ ചെലവ് പൂർണമായും തങ്ങൾ വഹിക്കാമെന്ന വ്യവസ്ഥ എൻ.എച്ച്.എ.ഐ പിന്നീട് മുന്നോട്ടുവച്ചു. നഷ്ടത്തിന്റെ പേരിൽ ഇതും സർക്കാർ ആദ്യഘട്ടത്തിൽ അംഗീകരിച്ചില്ല. പ്രതിസന്ധി നീണ്ടാൽ റോഡ് നിർമ്മാണം മുടങ്ങുമെന്ന അവസ്ഥ വന്നതോടെയാണ് നഷ്ടം സഹിക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയത്. ധന, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാർ സംയുക്തമായാകും റോയൽട്ടിയും ജി.എസ്.ടിയും ഒഴിവാക്കുന്നത് സംബന്ധിച്ച പരിശോധന നടത്തുക. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുക്കും.
11 വില്ലേജുകളിലൂടെ
ജില്ലയിലെ 11 വില്ലേജുകളിലൂടെയും കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നം. ഇതിൽ വനമേഖലകളായ തെന്മല, ആര്യങ്കാവ് വില്ലേജുകളിലെ അലൈൻമെന്റ് അന്തിമമായിട്ടില്ല. ബാക്കി ഒൻപത് വില്ലേജുകളിൽ വിലനിർണയം പൂർത്തിയായി. തർക്കം കാരണം ബാക്കി അഞ്ച് വില്ലേജുകളിലെ ത്രി എ വിജ്ഞാപനം കഴിഞ്ഞ നവംബറിൽ റദ്ദായി. ത്രി ഡി നിലവിൽ വന്ന തിരുവനന്തപുരം ജില്ലയിലെ വില്ലേജുകളിലെയും തുടർ നടപടികൾ നിലവിൽ സ്തംഭനത്തിലാണ്. ത്രി ഡി വിജ്ഞാപനം നിലനിൽക്കുന്ന ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതെ ഉടമകൾ കടുത്ത പ്രതിസന്ധിയിലുമായി.
ത്രി ഡി വിജ്ഞാപനം നിലവിൽ വന്ന വില്ലേജുകൾ
നിലമേൽ, ഇട്ടിവ, അലയമൺ, അഞ്ചൽ
ത്രി എ വിജ്ഞാപനം റദ്ദായ വില്ലേജുകൾ
ഏരൂർ, കോട്ടുക്കൽ, ചടയമംഗലം, ഐരനല്ലൂർ, ഇടമൺ
പാതയ്ക്കായി ആകെ ഏറ്റെടുക്കുന്ന ഭൂമി: 265 ഹെക്ടർ
നീളം: 59.36 കി.മീറ്റർ
കടമ്പാട്ടുകോണം-ആര്യങ്കാവ് റോഡ് വീതി: 45 മീറ്റർ (4 വരി)
വനമേഖല: 30 മീറ്റർ (ആര്യങ്കാവ്- തെന്മല)
അടങ്കൽ തുക: 4047 കോടി