കുണ്ടറ: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഫൈസൽ കുളപ്പാടത്തിനെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ വീണ്ടും പ്രതിഷേധം. മാർച്ചിൽ പങ്കെടുത്ത ശേഷം പിരിഞ്ഞുപോയ ഫൈസൽ കുളപ്പാടത്തിനെ നാന്തിരിക്കൽ പള്ളിയുടെ മുന്നിൽ നിന്നു പൊലീസ് പിടികൂടി. ഈ സമയം പൊലീസിനെ തടയാൻ ശ്രമിച്ച കാരണത്താൽ കൂടെയുണ്ടായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പ്രവർത്തകർ പിരിഞ്ഞുപോയി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിഷ്ണു സുനിൽ പന്തളം, അനു താജ്, എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശരത് മോഹൻ, അസൈൻ, അസ്ലം, അജു ജോർജ്, സുഹൈൽ അൻസാരി, വിഷ്ണു വിജയൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, കെ.എസ്.യു നേതാക്കൾ ആഷിക് ബൈജു, അനീസ്, നെഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.