കൊല്ലം: ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മേൽപ്പാലത്തിന് റെയിൽവേയുടെ അനുമതി ലഭ്യമാക്കിയെങ്കിലും തുടർ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരും സർക്കാർ നിയോഗിച്ച ഏജൻസിയും ഗുരുതരമായ കാലതാമസം സൃഷ്ടിക്കുകയായിരുന്നു. റെയിൽവേ അനുമതി നൽകിയാൽ ജി.എ.ഡി തയ്യാറാക്കി സമർപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജി.എ.ഡി റെയിൽവേ അംഗീകരിച്ചാൽ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതും ഭൂമി ഏറ്റെടുക്കേണ്ടതും സംസ്ഥാന സർക്കാരാണ്. ജി.എ.ഡി തയ്യാറാക്കി നൽകുന്നതിലും ജി.എ.ഡി അംഗീകരിച്ചാൽ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിലും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിലും അപ്രോച്ച് റോഡ് നിർമ്മാണത്തിലും സംസ്ഥാന സർക്കാർ വരുത്തുന്ന ഗുരുതരമായ കാലതാമസം പ്രതിഷേധാർഹമാണ്.

കല്ലുതാഴം മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകിയത് 2018 ലാണ്. 2023 സെപ്തംബറിലാണ് ജി.എ.ഡി. നൽകിയത്. ജി.എ.ഡി ക്ക് അംഗീകാരത്തിനായുള്ള നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ കാലതാമസം വരുത്തി. കൂട്ടിക്കട, പോളയത്തോട്, എസ്.എൻ കോളേജ് മേൽപ്പാലങ്ങളുടെ കാര്യത്തിലും സംസ്ഥാന സർക്കാർ നടപടികൾ വൈകിപ്പിക്കുന്നു.

കുണ്ടറ പള്ളിമുക്ക് ആർ.ഒ.ബിക്ക് 2012-13ലും ഇളമ്പളളൂർ മേൽപ്പാല നിർമ്മാണത്തിന് 2013-2014 സാമ്പത്തിക വർഷവും റെയിൽവേ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഏജൻസിയെ നാളിതുവരെ നിശ്ചയിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.