കൊല്ലം: പ്രതി​ദി​നം വിനോദ സഞ്ചാരികളുൾപ്പെടെ നിരവധിപേർ എത്തുന്ന തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കി​ൽ മാലിന്യം കുമി​ഞ്ഞുകൂടുന്നു. കടൽക്കാഴ്ചകൾ ആസ്വദിക്കാൻ ആരംഭിച്ച ബ്രേക്ക് പാർക്കിന് സമീപത്തെ തീരത്തിനാണ് ഈ ദുർവിധി.

വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യമടക്കം ഇവിടെ കുന്നുകൂടി കിടക്കുകയാണ്. കാക്കകളും തെരുവുനായ്ക്കളും മാലിന്യം കൊത്തി വലിക്കുന്നത് സ്ഥിരം കാഴ്ചയായി​. കഴിഞ്ഞ ഏപ്രിൽ 27നാണ് സഞ്ചാരികൾക്കായി പാർക്ക് തുറന്നത്. 5 കോടി മുടക്കി തങ്കശേരി ലൈറ്റ് ഹൗസിനു സമീപം ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ ഭൂമിയിലാണ് തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം സജ്ജമാക്കിയത്. മാലിന്യം നിറഞ്ഞ വെള്ളത്തിൽ കാല് നനയ്ക്കേണ്ട ഗതികേടിലാണ് ഇവിടെ എത്തുന്ന സന്ദർശകർ. സഞ്ചാരികളെ ആകർഷിക്കാൻ സൈക്കിൾ ട്രാക്കും പുലിമുട്ടിൽ വാക്ക് വേയും കുട്ടികൾക്കായുള്ള പാർക്കും ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും വ്യൂ ഡെക്കും ഒരുക്കിയിട്ടുണ്ടെങ്കിലും മാലിന്യം നിറഞ്ഞ തീരത്തോട് മുഖം തിരിച്ച് നടക്കേണ്ട അവസ്ഥയാണ്. ഇവി​ടെ മാലിന്യം നീക്കം ചെയ്യൽ വെറും പ്രഹസനമായെന്നാണ് ആക്ഷേപം.

തെരുവുനായ ശല്യവും

കുട്ടികൾ ഉൾപ്പെടെ എത്തുന്ന പാ‌‌ർക്കിലും സമീപത്തും തെരുവ് നായ ശല്ല്യം രൂക്ഷമാണ്. വന്ധ്യംകരിച്ചതും അല്ലാത്തതുമായ ഒരു ഡസനോളം തെരുവ് നായ്ക്കളാണ് പാർക്കിന്റെ വിവിധഭാഗങ്ങളിൽ അലഞ്ഞ് സന്ദർശകർക്ക് ഭീഷണിയാകുന്നത്. പലപ്പോഴും ഇവിടെ എത്തുന്നവർക്ക് നേരെ ഇവ പാഞ്ഞെത്താറുമുണ്ട്. പാർക്കിൽ ഓടിക്കളിക്കുന്ന കുട്ടികൾക്കരികിലേക്ക് നായ്ക്കൾ കൂട്ടമായി എത്തുന്നതും സമീപത്തുള്ളവർ തുരത്തി ഒാടിക്കുന്നതും ഇവിടെ പതിവാണ്. വൈകുന്നേരമാണ് തിരക്ക് കൂടുന്നത്. ഡി.ടി.പി.സിക്കും തുറമുഖ വകുപ്പിനുമാണ് പാർക്കിന്റെ പരിപാലന ചുമതല.

മാലിന്യപ്രശ്നത്തെക്കുറിച്ചും തെരുവുനായ ശല്യത്തെക്കുറിച്ചും നിരവധി തവണ പരാതിപ്പെട്ടി​ട്ടുണ്ട്. നടപടിയുണ്ടാകുന്നി​ല്ല. അവധി​ ദി​വസങ്ങളി​ൽ തി​രക്കു കൂടുമ്പോൾ നായ്ക്കളുടെ എണ്ണവും കൂടാറുണ്ട്. പ്രശ്നത്തി​ന് അടി​യന്തര പരി​ഹാരം കാണണം

സന്ദർ‌ശകർ