
തഴവ: ഉത്സവസ്ഥലത്തുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ക്ലാപ്പന മാധവീയം വീട്ടിൽ നന്ദകുമാറിന്റെ മകൻ അഖിലാണ് (29) ഇന്നലെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഓച്ചിറ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാടൻപാട്ടിനിടെ നൃത്തം ചെയ്ത ഒരുസംഘം ക്ലാപ്പന സ്വദേശിയായ ഹരീഷിന്റെ സുഹൃത്തായ അഖിലിന്റെ ദേഹത്ത് തട്ടിയതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. അടിപിടിയിൽ ഹരീഷിന്റെ മറ്റൊരു സുഹൃത്തായ വിഷ്ണുവിന് പരിക്കേറ്റു. ഹരീഷും സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെ കുലശേഖരപുരം കോളഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കവേ ബൈക്കിലെത്തിയ സംഘം വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന അനന്തു കത്തി ഉപയോഗിച്ച് അഖിലിന്റെ വാരിയെല്ലിന് കുത്തി. നിലത്തുവീണ അഖിലിനെ അനന്തു നെഞ്ചിലും കാലുകളിലുമായി തുടരെ കുത്തി. അനന്തുവിനൊപ്പമുണ്ടായിരുന്ന മറ്റു പ്രതികൾ അഖിലിന്റെ കൂടെയുള്ളവരുടെ വീടുകളിലെത്തി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായ അഖിലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികളായ കുലശേഖരപുരം കോട്ടയ്ക്ക്പുറം അനന്തു ഭവനത്തിൽ അനന്തു (22), ക്ലാപ്പന ഈരിക്കൽ തറ വരവിള അതുൽ ബാബു (21), ആദിനാട് തെക്ക് പുത്തൻ കണ്ടത്തിൽ സന്ദീപ് (23), തൃക്കരുവ പ്ലാക്കോണം കുളത്തുംകര വീട്ടിൽ അക്ഷയ് കുമാർ (18) എന്നിവർ ഉൾപ്പെട്ട സംഘത്തെ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷെമീർ, ഷാജിമോൻ എസ്.സി.പി.ഒ ഹാഷിം, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടിയിരുന്നു.