പന്മന: ഇടപ്പള്ളികോട്ട, പൊന്മന, കന്നിട്ട കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ സംഭരണ ഡിപ്പോ കാട് കയറി മൂടി. ഇഴ ജന്തുക്കളുടെ താവളമായി മാറി. പ്രദേശവാസികൾക്ക് ഭീതിയോടെയല്ലാതെ ഇതുവഴി പോകാനാകില്ല. 36 വർഷം മുമ്പാണ് കോർപ്പറേഷൻ ടി.എസ് കനാൽ തീരത്ത് 36 ഏക്കർ സ്ഥലത്ത് പെട്രോളിയം സംഭരണശേഷി ഡിപ്പോ ആരംഭിച്ചത്. ടി.എസ് കനാലിലൂടെ ജലമാർഗമാണ് കൊച്ചിയിൽ നിന്ന് ഡീസലും പെട്രോളും എത്തിച്ചത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ പെട്രോളിയം ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനു വേണ്ടി ഇവിടെ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചാണ് ഡിപ്പോ തുടങ്ങിയത്.

സമരം , അടച്ചുപൂട്ടൽ

ആറ് വർഷമാണ് ഇവിടെ ഡിപ്പോ പ്രവ‌ർത്തിച്ചത്. പിന്നീട് പ്രദേശവാസികളുടെ സമരത്തെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് കോർപ്പറേഷൻ ഇവിടെ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവരെ താത്കാലിക ജീവനക്കാരായാണ് നിയമിച്ചത്. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിനിടെ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നാട്ടുകാർ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് ഡിപ്പോ അടച്ചു പൂട്ടുകയായിരുന്നു.

സ്ഥലം വിട്ടു നൽകാതെ കോർപ്പറേഷൻ അധികൃതർ

സ്ഥലം എം.പി എൻ.കെ പ്രേമചന്ദ്രൻ ഇടപെട്ട് ഇവിടെ ജനോപകാരപ്രദമായ മറ്റു ചില സംരംഭങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ അധികൃതരെ സമീപിച്ചെങ്കിലും സ്ഥലം വിട്ടു നൽകാനോ അനുകൂല നിലപാട് സ്വീകരിക്കാനോ അവർ തയ്യാറായില്ല. നിലവിൽ ഡിപ്പോ കാടുകറി കിടക്കുന്നതിനാൽ സമീപവാസികൾക്ക് ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ആക്രമണം പതിവാണ്. ഡിപ്പോ പ്രവർത്തിച്ചിരുന്ന സ്ഥലം സർക്കാർ ഏറ്റെടുത്ത് പുതിയ സംരംഭം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.