പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ അന്തർ സംസ്ഥാന പാതയോരത്തെ കടയ്ക്കാമണിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. കടയ്ക്കാമൺ പാലത്തിന് സമീപത്ത് നിലവിലെ തോട്ടിൽ നിന്ന് കെട്ടി ഉയർത്തിയിരുന്ന പഴയ പാർശ്വഭിത്തിയിൽ നാല് മാസം മുമ്പ് പെയ്ത കനത്ത മഴയിൽ വിള്ളൽ രൂപപ്പെടുകയും പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ഉൾപ്പെടെ ചരിയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം തോട്ടിൽ നിന്ന് അഞ്ച് അടി ഉയരത്തിൽ പുതിയ പാർശ്വഭിത്തി കെട്ടി പഴയ കൽക്കെട്ടിനോട് ചേർത്ത് നിറുത്തിയെങ്കിലും കനത്ത മഴയത്ത് വീണ്ടും പഴയ കെട്ടിന് വിള്ളൽ രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് സമീപ വാസികൾ പറയുന്നത്.
പ്രതിഷേധം വ്യാപകം
185കോടിയോളം രൂപ ചെലവഴിച്ചാണ് പുനലൂർ -മൂവാറ്റുപുഴ അന്തർസംസ്ഥാന പാത നവീകരണം നടക്കുന്നത്. നവീകരണങ്ങളുടെ ഭാഗമായി പുതിയ പാലങ്ങളും ഓടകളും നടപ്പാതകളും കോൺക്രീറ്റ് പാർശ്വഭിത്തികളും അടക്കം പുനർ നിർമ്മിക്കുന്നുണ്ട്. എന്നിട്ടും കടയ്കാമണിൽ പുതിയ കോൺക്രീറ്റ് പാർശ്വഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ശബരിമല സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് കടയ്ക്കാമൺ വഴി കടന്ന് പോകുന്നത്.