കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. രാവിലെ 11ന് നടക്കുന്ന ധർണ അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.തൃദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷനാകും. കരാറുകാരുടെ ബില്ലുകൾ ഉടൻ നൽകുക, എൽ.എസ്.ജി.ഡി കരാറുകാരെ രക്ഷിക്കുക, കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, ധനകാര്യ പൊതുമരാമത്ത് വകുപ്പുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക, 2023 ഡി.എസ്.ആർ ഉടൻ നടപ്പാക്കുക, ട്രഷറി നിയന്ത്രണം പിൻവലിക്കുക, കരാറുകാരുടെ കുടിശ്ശിക ബഡ്‌ജറ്റിൽ വകയിരുത്തുക, എൽ.എസ്.ജി.ഡി പണിപൂർത്തീകരിച്ച വർക്കുകളുടെ ബില്ലുകൾ യഥാസമയം എഴുതിവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ തീരുമാനം ഉണ്ടായില്ലെങ്കിൽ 20 മുതൽ പണികൾ നിറുത്തിവച്ചും ടെണ്ടറുകൾ ബഹിഷ്‌കരിച്ചും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കരാറുകാരുടെ ബില്ലുകൾ മാറി തുക ലഭിച്ചിട്ട് ഒൻപത് മാസമായി. 15,000 കോടി രൂപയാണ് വിവിധ വകുപ്പുകളിൽ നിന്ന് കരാറുകാർക്ക് ലഭിക്കാനുള്ളത്. സർക്കാരിന്റെ നവകേരള സദസ് നടന്നപ്പോൾ 140 നിയോജക മണ്ഡലങ്ങളിലും കരാറുകാർ നിവേദനം നൽകിയിരുന്നു. ജില്ലയിൽ നൽകിയ പരാതികൾ എ.ഡി.എമ്മിന് കൈമാറിയെന്ന മറുപടിയാണ് ലഭിച്ചത്. ഇത് തൃപ്തികരമല്ലെന്നും വിഷയത്തിൽ എ.ഡി.എമ്മിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അസോ. സംസ്ഥാന സെക്രട്ടറി സുനിൽ ദത്ത്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ടി.പ്രദീപ്, ജില്ലാ പ്രസിഡന്റ് എസ്.ബൈജു, ജില്ലാ സെക്രട്ടറി എസ്.ദിലീപ് കുമാർ, ജില്ലാ ഭാരവാഹികളായ ഗോപി, സലിം, അനിൽകുമാർ, സിബി, സുരേഷ്, അജിത് പ്രസാദ്, സുരേഷ് ബാബു, ജയൻ, അനീഷ്, പവനൻ, അജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.