dd

കൊല്ലം: അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കെ.എസ്.ആർ.ടി.സി ബസിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തൃക്കടവൂർ മതിലിൽ കുന്നത്ത് കിഴക്കതിൽ ദിലീപിന്റെ മകളും കൊല്ലം കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ ഗോപികയാണ് (20) മരിച്ചത്.

ഇന്നലെ രാവിലെ എട്ടോടെ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമുള്ള പഴയ തപാൽ ഓഫീസിന് മുൻവശത്തായിരുന്നു അപകടം. പ്രോജക്ട് ചെയ്യാൻ സഹപാഠികൾക്കൊപ്പം തിരുവനന്തപുരം സി.ഇ.ടിയിൽ പോകാൻ അച്ഛൻ ദിലീപിനൊപ്പം കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു. ദിലീപാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ചിന്നക്കട റെയിൽവേ ഓവർ ബ്രിഡ്ജ് ഇറങ്ങിവരുമ്പോൾ എതിരെ വന്ന സൈക്കിൾ യാത്രികനെ ഇടിക്കാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ പിന്നാലെ വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഗോപികയുടെ തലയിൽ കൂടി ബസിന്റെ മുൻചക്രം കയറിയിറങ്ങി. ഗോപിക തത്ക്ഷണം മരിച്ചു.

റോഡിന്റെ ഇടതുവശത്തേക്ക് വീണതിനാൽ ദിലീപ് പരിക്കുകളോടെ രക്ഷപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം ഗോപികയുടെ മൃതദേഹം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രവാസിയായിരുന്ന ദിലീപ് നാട്ടിൽ വന്നശേഷം ചിട്ടിയും മറ്റും നടത്തുകയാണ്. സിനിയാണ് ഗോപിയുടെ അമ്മ. സഹോദരി: ദേവിക. സഹോദരീഭർത്താവ്: അനിൽ കൃഷ്ണലാൽ.