kudumba

കൊല്ലം: കുറഞ്ഞ ചെലവി​ൽ ഭക്ഷണം വി​ളമ്പാൻ സർക്കാർ കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുന്ന 'കുടുംബശ്രീ പ്രീമിയം കഫേ' ജില്ലയിൽ ഒന്നരമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.

കുടുംബശ്രീയെ പ്രീമിയം ബ്രാൻഡാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ കൊല്ലം നഗരം, കരുനാഗപ്പള്ളി, ചാത്തന്നൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രീമിയം കഫേകൾ ആരംഭിക്കുക. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, പ്രധാന നഗരങ്ങൾ, ദേശീയപാതകൾ എന്നിവിടങ്ങളാണ് തി​രഞ്ഞെടുക്കുന്നത്. നിലവിൽ നാല് കുടുംബശ്രീ യൂണിറ്റുകളാണ് പ്രീമിയം കഫേകൾ ആരംഭിക്കാൻ ജില്ലാ കുടുംബശ്രീമിഷനെ സമീപിച്ചിരിക്കുന്നത്.

കുടുംബശ്രീയുടെ ഭക്ഷണമേളകളിലും വിവിധ എക്‌സിബിഷനുകളിലും മികച്ച പ്രതികരണങ്ങൾ നേടി​യ വയനാടൻ വനസുന്ദരി, കൊച്ചി മൽഹാർ, സോലൈ മിലറ്റ് എന്നീ വിഭവങ്ങൾ ഇനി പ്രീമിയം കഫേകളിലും ആസ്വദിക്കാനാകും. പ്രീമിയം കഫേകൾക്കായി മുമ്പ് കണ്ടെത്തിയ സ്ഥലങ്ങളി​ൽ പലതും സ്ഥിതി ചെയ്യുന്നത് ആറുവരിപാതയുടെ സമീപത്തെ സർവീസ് റോഡുകളിലാണ്. അതി​നാൽ പുതിയ സ്ഥലങ്ങൾ നോക്കുകയാണ്. ഒരു യൂണിറ്റിന് 20 ലക്ഷംരൂപ വരെ ധനസഹായം ലഭിക്കും. ബ്രാൻഡിംഗിനായി അഞ്ച് ലക്ഷം രൂപയും.

പരിശീലനം

തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകാൻ സ്വകാര്യ ഏജൻസിയായ അദേബ ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ് ഫുഡ് റിസർച്ച് എന്ന കമ്പനിക്കാണ് ചുമതല. പ്രീമിയം കഫേകളുടെ അന്തരീക്ഷം, ബില്ലിംഗ് സോഫ്ട്‌വെയർ പരിശീലനം, ഇന്റീരിയർ ഡിസൈൻ, പെരുമാറ്റം, ഭക്ഷണം വിളമ്പുന്ന രീതി, കഫേകളിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നതൊക്കെ ഇവരാവും തീരുമാനി​ക്കുക.

ജി​ല്ലയി​ൽ പ്രവർത്തനം ഒന്നര മാസത്തി​നുള്ളി​ൽ

 മിനിമം 5000 ചതുരശ്ര അടി​യുള്ള കടമുറി

 ഒരേസമയം 20 വണ്ടികൾ പാർക്ക് ചെയ്യാൻ സൗകര്യം
 ഒരേസമയം 100 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം

 അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ

 വൃത്തിയുള്ള ടോയ്‌ലെറ്റുകൾ

 ടേക്ക് എവേ കൗണ്ടർ, കാത്തിരിപ്പ് കേന്ദ്രം

ഓരോ കഫേയ്ക്കും ചെലവഴി​ക്കുന്നത്

₹ 50 ലക്ഷം

രാത്രി 12 വരെ

പ്രീമിയം കഫേയിൽ രണ്ട് ഷിഫ്ടുകളിലായിട്ടാകും ജീവനക്കാരുടെ പ്രവർത്തനം. രാവിലെ മുതൽ രാത്രി 12 വരെയാണ് പ്രവർത്തനം. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് 20നും 30നും ഇടയിൽ കുടുംബശ്രീ വനിതകൾക്ക് കഫേയിൽ വിവിധ മേഖലകളിൽ തൊഴിൽ നൽകാനാകും. ജീവനക്കാർക്ക് പ്രത്യേക ലോഗോ പതിച്ച യൂണിഫോം നൽകും.

ജില്ലയിൽ പ്രീമിയം കഫേക്കുള്ള സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പ്രവർത്തന ക്ഷമമാക്കാൻ സാധിക്കും

വിഷ്ണു, മാനേജർ,

കുടുംബശ്രീ ജില്ലാ പ്രോഗ്രാം