കൊട്ടാരക്കര: പൂവറ്റൂരിൽ പ്രവർത്തിക്കുന്ന വെട്ടിക്കവല ബ്ളോക്ക് സാമൂഹികാരോഗ്യകേന്ദ്രം ഹൈടെക് ആകുന്നു. പുതിയ കെട്ടിടം, ലാബ്, എക്സ്റേ യൂണിറ്റ്, അധികം ഡോക്ടർമാരുടെ സേവനം എന്നിവയാണ് എത്തുക. കിടത്തി ചികിത്സാ സംവിധാനം തുടങ്ങുന്നതിന്റെ മുന്നൊരുക്കങ്ങൾകൂടിയാണ് വികസന പ്രവർത്തനങ്ങൾ. താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് മാറ്റുവാനാണ് ലക്ഷ്യം. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 4 കോടി രൂപയുടെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ തുടങ്ങും. പത്ത് ഐ.പി പേവാർഡ്, ലിഫ്ട് സംവിധാനമടക്കമാണ് വരുന്നത്.
ഒ.പി സമയം രാത്രിവരെ
കുളക്കടയിലെ സമീപ പഞ്ചായത്തുകളിലെയും രോഗികളാണ് പൂവറ്റൂരിലെ ആരോഗ്യകേന്ദ്രത്തിലെത്തുന്നത്. ദിവസം അഞ്ഞൂറുമുതൽ എഴുന്നൂറുവരെ രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട്. ഉച്ചവരെയായിരുന്ന ഒ.പി ഒന്നര വർഷം മുൻപ് വൈകിട്ടുവരെയാക്കി. നിലവിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഒ.പി സമയം. ഇത് രാത്രി പത്തുവരെയാക്കുവാനാണ് ആലോചന. മൂന്ന് സ്ഥിരം ഡോക്ടർമാരും എൻ.എച്ച്.എം-1, ഹൗസ് സർജൻസി-1 എന്നിങ്ങനെ ആകെ അഞ്ച് ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്. ബ്ളോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെയും ഗ്രാമപഞ്ചായത്ത് ഒരു ഡോക്ടറെയും കൂടി നിയമിക്കും. അതിന് ശേഷമാണ് ഒ.പി സമയം രാത്രിവരെ നീളുക. രാത്രി തങ്ങുന്നതിന് സൗകര്യമില്ലാത്തതിനാൽ ഡോക്ടർമാരുടെ സേവനം രാത്രിമുഴുവൻ ലഭിക്കുകയില്ല. അനുബന്ധ ജീവനക്കാരെക്കൂടി നിയമിക്കേണ്ടതുമുണ്ട്.
എക്സ് റേ, ലാബ്
ആരോഗ്യ കേന്ദ്രത്തിൽ എക്സ് റേ, ലാബ് സംവിധാനങ്ങൾ സജ്ജമായിട്ടുണ്ട്. ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.
ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യം
ആറ് പതിറ്റാണ്ടുമുൻപാണ് പൂവറ്റൂരിൽ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പത്ത് വർഷം മുൻപ് സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തി. കിടത്തിച്ചികിത്സയും പ്രസവവും അടക്കം നടന്നിരുന്ന ആരോഗ്യകേന്ദ്രത്തെ പിന്നീട് അധികൃതർ കൈവിടുകയായിരുന്നു. 2022ൽ ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും ആരോഗ്യമന്ത്രിയെത്തി ഉദ്ഘാടനം നടത്തി. എന്നാൽ ഇപ്പോഴും സാമൂഹിക ആരോഗ്യകേന്ദ്രമായി തുടരുന്നു. രണ്ടേക്കറിലധികം ഭൂമിയുണ്ട്. ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളൊരുക്കിയതൊക്കെ നാശത്തിലാണ്.
പൂവറ്റൂരിൽ പ്രവർത്തിക്കുന്ന സി.എച്ച്.സി കൂടുതൽ ജനകീയമാക്കാനാണ് തീരുമാനം. ബ്ളോക്കും പഞ്ചായത്തും ഓരോ ഡോക്ടർമാരെ നിയമിക്കുന്നതോടെ ഒ.പി രാത്രി പത്തുവരെയാക്കാം. അനുബന്ധ വികസനം സാദ്ധ്യമാക്കും.
എസ്.രഞ്ജിത്ത് കുമാർ,
പ്രസിഡന്റ്, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത്