കൊല്ലം: എൻ.ഡി​.എ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ 5000 കേന്ദ്രങ്ങളിൽ ഇന്ന് പതാകദിനം ആഘോഷിക്കും. ബൂത്ത് തലങ്ങളി​ലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ പതാക ഉയർത്തും. മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പദയാത്ര നടത്തുന്നത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഫെബ്രുവരി 6നാണ് പദയാത്ര. വൈകി​ട്ട് 3ന് ചിന്നക്കടയിൽ നിന്നാരംഭിക്കുന്ന പദയാത്ര മാടൻനടയിൽ സമാപിക്കും. ചാത്തന്നൂർ: ബി. ബി ഗോപകുമാർ, കൊല്ലം: എസ്. പ്രശാന്ത്, ചവറ : വെള്ളിമൺ ദിലീപ്, വെറ്റമുക്ക് സോമൻ, കുണ്ടറ: എ. ജി ശ്രീകുമാർ, ചടയമംഗലം : ബി. ശ്രീകുമാർ, ഇരവിപുരം : ആർ.സുരേന്ദ്രനാഥ്, പുനലൂർ: പുത്തയം ബിജു എന്നിവർ പതാകദിന കേന്ദ്രങ്ങളിൽ നേതൃത്വം കൊടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അറിയിച്ചു.