കൊല്ലം: ജില്ലയിലെ മദ്യ - മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് എക്‌സൈസ് - പൊലീസ് - ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ്. കളക്ടറുടെ ചേംബറിൽ ചേർന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പരിസരം, റെയിൽവേ സ്റ്റേഷൻ, അരിഷ്ടക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ കളക്ടർ നിർദ്ദേശിച്ചു.
കിസ്മസ് - പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധയിൽ 115 ലിറ്റർ സ്പിരിറ്റും 269 ലിറ്റർ വിദേശമദ്യവും പിടികൂടി. 18 ലിറ്റർ വ്യാജമദ്യം, 108 ലിറ്റർ അരിഷ്ടം, 340 ലിറ്റർ കോട, 1.6 കിലോ കഞ്ചാവ്, 11 ഗ്രാം നൈട്രോസെപ്പാം ടാബ് എന്നിവ പിടികൂടി. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന 152 ലിറ്റർ വൈനും പിടികൂടി.

ജില്ലയിൽ 1531 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ 2987 പരിശോധനകളും നടത്തി. 43 മയക്കുമരുന്ന് കേസുകളിലായി 46 പേരെ അറസ്റ്റ് ചെയ്തു. 419 കോട്പ കേസുകളെടുത്തു. വിവിധ കേസുകളിലായി 83,800 രൂപ പിഴ ഈടാക്കി. 130 പേർക്ക് കൗൺസലിംഗ് നടത്തി. 431 വിമുക്തി പരിപാടികൾ സംഘടപ്പിച്ചു. യോഗത്തിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ.പ്രദീപ്, പൊലീസ്- ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ടോൾ ഫ്രീ നമ്പർ 155358.