aiyf-

കൊല്ലം: ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരിയായ നരേന്ദ്രമോദിക്ക് പാർലമെന്റിൽ ഇരിക്കാൻ താൽപ്പര്യമില്ലെന്നും മൻകി ബാത്തിലൂടെ സംസാരിക്കാനാണ് ഇഷ്ടമെന്നും മന്ത്രി പി പ്രസാദ്.

പാർലമെന്റ് ആക്രമണം നടന്നിട്ടുപോലും മൗനം പാലിക്കുന്ന മോദിക്ക് പാർലമെന്റിനോട് വെറുപ്പും റേഡിയോ പ്രണയവുമാണ്. ജനാധിപത്യത്തിന്റെ അസ്തമയ വേളയിലാണ് രാജ്യമെന്നും മന്ത്രി പറഞ്ഞു. വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എ.ഐ.വൈ.എഫ് ജില്ലാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണിപ്പൂരിൽ സ്ത്രീകളുടെ മാനാഭിമാനം പിച്ചിച്ചീന്തിയിട്ടും ഭരണകൂടം വായ തുറക്കുന്നില്ല. മണിപ്പൂരിനെ കുറിച്ച് മൗനം പാലിക്കുന്ന മോദി സ്വയം മോദി ഗ്യാരന്റിയെപ്പറ്റി പറയുകയാണ്. മോദി ഗ്യാരന്റി തട്ടിപ്പിന്റെ മറ്റൊരു പേരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്‌ ഇ.കെ.സുധീർ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എസ്.നിധീഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി സാം.കെ.ഡാനിയേൽ, ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം എസ്.വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി.ലാലു, ഹണി ബെഞ്ചമിൻ, മണ്ഡലം സെക്രട്ടറി അഡ്വ. എ.രാജീവ്‌, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം രാജേഷ് ചിറ്റൂർ, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി എ.അധിൻ, ജില്ലാ എക്സി. അംഗം എസ്.എസ്.കണ്ണൻ എന്നിവർ സംസാരിച്ചു.