arrest1
സുലജ പാപ്പച്ചൻ

കൊല്ലം : ലഹരി പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ചവറ, പഴഞ്ഞിക്കാവ് വൈങ്ങോലിൽ വീട്ടിൽ സുലജ പാപ്പച്ചൻ(51) ഇവരുടെ മരുമക്കളായ ലയാ ദാസ്(24), രശ്മി(28) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.

ചവറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.സി.പി.ഒ ഉഷായെ ആണ് ഇവർ സംഘം ചേർന്ന് ഉപദ്രവിച്ചത്. കഴിഞ്ഞ ശനിയാഴ്ച സംസ്ഥാന വ്യാപകമായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ സ്‌പെഷ്യൽ ഓപ്പറേഷന്റെ ഭാഗമായി ചവറ സ്‌റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം ഇവരുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. പൊലീസ് നടപടിയുടെ ഭാഗമായി വീടിന്റെ വടക്ക് വശത്തുള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിന് നേരെ അസഭ്യ വർഷം നടത്തുകയും എസ്.സി.പി.ഒ ഉഷയെ ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. സുലജ പാപ്പച്ചന്റെ മക്കളായ ജീവൻഷാ, ജിതിൻഷാ എന്നിവരും ഈ കേസിലെ പ്രതികളാണ്.

ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ചവറ ഇൻസ്‌പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.