കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എൻ.ബാഹുലേയൻ, സെക്രട്ടറി പുണർതം പ്രദീപ്, ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി പി.എച്ച്.റഷീദ്, എ.കെ.ഷംസുദ്ദീൻ, പി.ഖുറേഷി, കെ.അശോകൻ, വിജയപ്രകാശ്, രാജേഷ് ചവറ തുടങ്ങിയവർ സംസാരിച്ചു. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്നായിരുന്നു ധർണ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ചതും തയ്യാറാക്കിയതുമായ 1000 കോടി രൂപയുടെ ബില്ലുകൾ അടിയന്തരമായി പാസാക്കുക, കുടിശ്ശിക കൊടുത്തുതീർക്കുക, ഡി.എസ്.ആർ 2023 നടപ്പാക്കുക, പി.ഡബ്ല്യു.ഡി. രജിസ്ട്രേഷൻ പുതുക്കുന്നതിലെ പുതിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഇക്കാര്യങ്ങൾ ഉന്നയിച്ച് ധന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും നിവേദനം നൽകി.