
കൊല്ലം: പനിക്ക് ചികിത്സ തേടിയെത്തിയ മുണ്ടയ്ക്കൽ സ്വദേശിയായ രണ്ട് വയസുകാരന് ഡോക്ടർ കുറിച്ചിട്ടും ഇൻജക്ഷൻ നൽകാതിരുന്ന ഡ്യൂട്ടി നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപേരാധിച്ചു.
നഴ്‌സിനെതിരെ കുട്ടിയുടെ അമ്മ വിക്‌ടോറിയ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. വിവരം യുവമോർച്ച ജില്ലാപ്രസിഡന്റ് പ്രണവിനെ അറിയിച്ചു. ഇവർ ഇടപെട്ട് കഴിഞ്ഞ ദിവസം രാത്രിയിലാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയത്. തുടർന്നാണ് യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചത്. പൊലീസിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സംഭവം അന്വേഷിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടയ്ക്കൽ, ബി.ജെ.പി കൊറ്റങ്കര വാർഡ് മെമ്പർ ഗീതു, ജില്ലാ ഭാരവാഹിയായ വിഷ്ണു അനിൽ, യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് ബിനോയ് മാത്യൂസ്, ഇരവിപുരം മണ്ഡലം സെക്രട്ടറി ആദിത്യൻ, നേതാക്കളായ മനു ലാൽ, രഞ്ജിത അനിൽ, സുധി, ജിത്തു എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.