
കൊല്ലം: കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ വളപ്പിൽ ഐ.ഒ.സിയുടെ റീട്ടെയിൽ ഔട്ട്ലെറ്റ് സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു.
മന്ത്രിമാരായ പി.രാജീവ്, കെ.ബി.ഗണേശ് കുമാർ, എം.ബി.രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മിൽ ചെയർമാൻ എ.ആർ.ബഷീറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. മില്ലിന്റെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേശ് കുമാർ നിർവഹിച്ചു. വൈവിദ്ധ്യവത്കരണത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കാരംകോട് സ്പിന്നിംഗ് മില്ലിൽ ഐ.ഒ.സിയുടെ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത്. ഇതിലൂടെ മില്ലിന് പ്രതിവർഷം എട്ട് ലക്ഷം രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് ആവിഷ്കരിച്ച മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങളും മില്ലിൽ പുരോഗമിക്കുകയാണ്.