പലതും പ്രവർത്തന രഹിതം
കൊല്ലം: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പലയിടത്തും ട്രാഫിക് സിഗ്നൽ ലൈറ്രുകൾ പ്രവർത്തന രഹിതമായതോടെ അപകട സാദ്ധ്യത വർദ്ധിക്കുന്നു. സിഗ്നൽ പ്രവർത്തിക്കാത്തതുമൂലം വാഹനങ്ങൾ പലപ്പോഴും തോന്നുംപടി പോകുന്നതാണ് അപകടക്കെണിയാകുന്നത്. വാഹനങ്ങൾ ചീറിപാഞ്ഞ് വരുന്നതിനാൽ പ്രായമായവരടക്കം റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുകയാണ്.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളിൽ പലതും തെളിയാതെ നിൽക്കുകയാണ്.
ആശ്രാമം മൈതാനത്തിന്റെ മുൻവശത്തും സപ്ലൈകോ ഡിപ്പോയ്ക്ക് സമീപം, എസ്.എം.പി പാലസ് റോഡിലേക്ക് തിരിയുന്ന ഭാഗത്തും സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് നാളുകളായി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടങ്ങളിലൂടെ കടന്നുപോകുന്നത്. കോർപ്പറേഷൻ കരാർ നൽകുന്ന പരസ്യ എജൻസികൾക്കാണ് നഗര പരിധിയിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പരിപാലന ചുമതല.
സിഗ്നൽ ലൈറ്റ് ഇല്ലാത്തയിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലെന്നും പരാതിയുണ്ട്. ഉപയോഗശൂന്യമായ സിഗ്നൽ ലൈറ്റുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയോ നിലവിലുള്ള ലൈറ്റുകൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വാഹനങ്ങൾ പലദിശയിൽ
നഗരത്തെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് റോഡ് ആരംഭിക്കുന്ന പീരങ്കി മൈതാനത്തിന് സമീപം സിഗ്നൽ സംവിധാനമില്ലാത്തത് യാത്ര ദുസഹമാക്കുകയാണ്. പല ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒരുമിച്ചു വരുന്ന ഭാഗമായ ഇവിടെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സംവിധാനമില്ലാത്തതിനാൽ എപ്പോഴും ഗതാഗതകുരുക്കാണ്. ഡ്രൈവർമാർ സ്വയം നിയന്തിച്ച് പോവുകയേ നിവർത്തിയുള്ളു. അപകടം ഇവിടെ പതിവാണ്. ഡ്രൈവർമാർ സാഹസപ്പെട്ടാണ് ഇതുവഴി വാഹനം ഓടിക്കുന്നത്. കോർപ്പറേഷൻ, ജലഭവൻ, എസ്.എൻ കോളേജ്, കമ്മിഷണർ ഓഫീസ് തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം ഇതിന് സമീപത്താണ് പ്രവർത്തിക്കുന്നത്.
നഗരത്തിലെ സിഗ്നൽ സംവിധാനത്തിലെ പോരായ്മയെ പറ്റി നിരവധി തവണ ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞിട്ടും അനുകൂലമായൊരു നടപടി ഉണ്ടായിട്ടില്ല. ആർ.ഒ.ബി റോഡിന് സമീപത്ത് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്
ട്രാഫിക് ഉദ്യോഗസ്ഥൻ