കൊല്ലം: ദുരന്ത നിവാരണവും അപകട രക്ഷാപ്രവർത്തനങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. കേരളകൗമുദിയും ഐ.ആർ.ഇ ഇന്ത്യ ലിമിറ്റഡ് ചവറ യൂണിറ്റും കേരള ഫയർഫോഴ്സും സംയുക്തമായി കരുനാഗപ്പള്ളി ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിൽ സംഘടിപ്പിച്ച സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ വലിയ ആൾക്കൂട്ടങ്ങളും ദുരന്തങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. ദുരന്തമുഖങ്ങളെ എങ്ങനെ നേരിടണമെന്നത് അറിയാത്തത് മരണസംഖ്യ വർദ്ധിപ്പിക്കുന്നു. അന്ധമായ പ്രകൃതി ചൂഷണവും കാലാവസ്ഥ വ്യതിയാനങ്ങളും ദുരന്തങ്ങൾ തുടർക്കഥയാക്കുന്നു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഫയർ ഫോഴ്സ് അടക്കമുള്ള സംവിധാനങ്ങൾക്ക് മാത്രമായി രക്ഷാപ്രവർത്തനം നടത്താനാകില്ല. സുവർണ നിമിഷങ്ങൾ പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്തുകയും വേണം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങളിൽ അറിവുണ്ടാകണം. ഇതിന് സ്കൂൾതലത്തിൽ തന്നെ രക്ഷാപ്രവർത്തനം സംബന്ധിച്ച ശാസ്ത്രീയ പഠനം നടക്കണം.

ദുരന്ത വേളകളിലെല്ലാം നമ്മൾ വിളിക്കുന്നത് ഫയ‌ർഫോഴ്സിനെയാണ്. പ്രളയവും സുനാമിയും ഓഖിയും ഒക്കെ ഉണ്ടായപ്പോൾ രക്ഷകരായത് ഫയർഫോഴ്സാണ്. അഴിമതിയുടെ കളങ്കമേൽക്കാത്ത സർക്കാർ സംവിധാനമാണ് ഫയർഫോഴ്സ്. ജനങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങൾ മുൻനിറുത്തി കേരളകൗമുദി സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ മാതൃകയാണെന്നും എ.സോമരാജൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. ശ്രീഭദ്ര കോളേജ് ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ ആൻഡ് ലേണിംഗ് സപ്പോർട്ടിംഗ് സെന്റർ ചെയർമാൻ എ.എൻ. കൃഷ്ണകുമാറിനെ കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ആദരിച്ചു. ഐ.ആർ.ഇ ഇന്ത്യ ലിമിറ്റഡ് ചീഫ് മാനേജർ ഭക്തദർശൻ, ഡെപ്യൂട്ടി മാനേജർ അജികുമാർ എന്നിവർ സംസാരിച്ചു. ഫയർഫോഴ്സ് കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ വി.എസ്.അനന്തു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പി.വിഷ്ണു, ബി.ഷാൻ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ഗീതാബാബുവിന്റെ ദൈവദശക ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും കരുനാഗപ്പള്ളി ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂൾ പ്രിൻസിപ്പൽ എസ്.സിനിറാണി നന്ദിയും പറഞ്ഞു.