. .
പരവൂർ: നെടുങ്ങോലം താലൂക്കാശുപത്രിക്കു സമീപം ആരോഗ്യവകുപ്പിന്റെ കാലാവധികഴിഞ്ഞ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് സമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞദിവസം ഇവിടെനിന്ന് ഒരു സ്കൂട്ടർ മോഷണം പോവുകയും ആംബുലൻസുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു. വാഹനങ്ങളുടെ പാർട്സും മോഷണം പോയി. മദ്യപസംഘങ്ങളും മറ്റും വാഹനങ്ങളിലാണ് താവളമുറപ്പിക്കാറുള്ളത്.
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ കണ്ടം ചെയ്ത ആംബുലൻസുകളും ജീപ്പുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ ഇട്ടിരിക്കുന്നത്.മറ്റിടങ്ങളിൽ സ്ഥലമില്ലാത്തതിനാലാണ് നെടു ങ്ങോലം താലൂക്കാശുപത്രിക്കു പിന്നിലെ തകർന്ന ചുറ്റുമതിലും ഗേറ്റുമില്ലാത്ത പറമ്പിൽ വാഹനങ്ങൾ കൊണ്ടിടാൻ തീരുമാനിച്ചത്. കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് വേനലിൽ തീപ്പിടിത്തം പതിവാണ്. കഴിഞ്ഞദിവസം കുറച്ചുഭാഗത്തെ കാടുവെട്ടി വൃത്തിയാക്കിയിരുന്നു. ആശുപത്രിയിൽനിന്നു ഏറെ ദൂരത്തായതിനാൽ ഈഭാഗത്ത് നടക്കുന്ന കാര്യങ്ങൾ അറിയാനാകില്ല. ആശുപത്രിയുടെ സുരക്ഷയ്ക്ക് രണ്ടുജീവനക്കാർ മാത്രമാണുള്ളത്.ഇവിടെ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും ജില്ലാ മെഡിക്കൽ ഓഫിസിൽ മാത്രമാണുള്ളത്. കണ്ടം ചെയ്ത വാഹനങ്ങൾ ഇനി എന്തുചെയ്യുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല