
കൊല്ലം: സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ കൊല്ലം മെഡിട്രീനയുടെ 9-ാം വാർഷികവും പുരസ്‌കാര വിതരണവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ ഉദ്‌ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ എം.ഡിയും ചെയർമാനും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.പ്രതാപ്കുമാർ അദ്ധ്യക്ഷനായി. ഗ്രൂപ്പ് സി.ഇ.ഒ ഡോ.മഞ്ജു പ്രതാപ് സ്വാഗതം പറഞ്ഞു. റിട്ട.ഡി.എം.ഒയും കൊല്ലത്തെ സീനിയർ സർജനുമായ ഡോ.എസ്.ആർ.രാജഗോപാലൻ മുഖ്യാതിഥിയായി.
വൈദ്യശാസ്ത്ര രംഗത്ത് വിജയം വരിച്ചവർക്ക് മെഡിട്രീന ഏർപ്പെടുത്തിയ വൈദ്യശ്രേഷ്ഠ പുരസ്ക്കാരത്തിന് കേരള മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊഫ.തോമസ് മാത്യുവും ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ.വത്സല കുമാരിയും അർഹരായി. മികച്ച സാമൂഹ്യ സേവനത്തിന് നൽകുന്ന പുരസ്‌കാരത്തിന് കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ (ക്രാബ്) സെക്രട്ടറി സജി കരുണാകരൻ അർഹനായി. ചെയർമാന്റെ പ്രത്യേക പുരസ്ക്കാരത്തിന് മെഡിട്രീന സി.എസ്.എസ്.ഡി വിഭാഗം സീനിയർ ടെക്‌നീഷ്യൻ ജിജിമോൻ അർഹനായി.മെഡിട്രീന വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ക്രാബ് സംഘടനക്ക് മെഡിട്രീന ഗ്രൂപ്പ് സി.ഇ.ഓ ഡോ.മഞ്ജു പ്രതാപ് ഒരു ലക്ഷം രൂപ നൽകി.
സീനിയർ ലാപ്രോസ്കോപ്പിക് സർജൻ ഡോ.ബൈജു സേനാധിപൻ, ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റുമാരായ ഡോ.ജ്യോതി, ഡോ.അനീഷ് കൃഷ്ണൻ, ഡോ.ബിന്ദു മേരി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ സി.ഒ.ഒ രജിത് രാജൻ നന്ദി പറഞ്ഞു. ഡോക്ടർമാരും ജീവനക്കാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.