കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്ര് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഒഫ് പ്രോസിക്യൂഷൻ ഹെഡ് ക്വാർട്ടേഴ്സിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.ഷീബ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.

ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ചൊവ്വാഴ്ച അനീഷ്യയുടെ മാതാപിതാക്കൾ, ഭർത്താവ്, മകൾ എന്നിവരുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തിയിരുന്നു. പരവൂർ കോടതിയിലെ സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ആരോപണ വിധേയരായ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെയും മൊഴി ഡെപ്യൂട്ടി ഡയറക്ടർ രേഖപ്പെടുത്തിയെന്നാണ് സൂചന.

അന്വേഷണ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ നിയമം, ആഭ്യന്തര വകുപ്പുകൾക്ക് കൈമാറാകും. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.