
കൊല്ലം: യു.ഡി.എഫ് എം.പിമാർക്ക് കേരള വികസനത്തോട് മുഖം തിരിഞ്ഞ സമീപനമാണെന്നും പാർലിമെന്റിൽ അവർ മൗനവൃതത്തിലാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡെമോക്രറ്റിക് സ്ട്രീറ്റിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹതപ്പെട്ട വിഹിതം വെട്ടിക്കുറച്ചും ഇല്ലാതാക്കിയും കേരള വികസനത്തെ തടസപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിച്ച് സർക്കാരിനെ ഞെരുക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ നടത്തുമ്പോൾ അതിനെതിരെ ഒരു ചെറുവിരലനക്കാൻ യു.ഡി.എഫ് തയ്യാറാവുന്നില്ലെന്നും പി.എസ്.സുപാൽ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ അഡ്വ. എ.രാജീവ് അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം അഡ്വ. വിനീത വിൻസെന്റ് സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.വിജയകുമാർ, ജില്ലാ എക്‌സി. അംഗം എ.മന്മഥൻ നായർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.എസ്.നിധീഷ്, പ്രസിഡന്റ് ഇ.കെ.സുധീർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, വി.ആർ.ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.