കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഇരുപതുകാരന് 25 വർഷവും ആറുമാസവും തടവും 65,000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി അധിക തടവ് അനുഭവിക്കണം.
തൊടിയൂർ കല്ലേലിഭാഗം ശംഭുവള്ളിത്തറയിൽ നൗഫലിനെയാണ് കരുനാഗപ്പള്ളി അതിവേഗ പ്രത്യേക കോടതി ജഡ്ജി എഫ്.മിനിമോൾ ശിക്ഷിച്ചത്. പ്രേമം നടിച്ച് കുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി പഠിക്കുന്ന സ്‌കൂളിലും പരിസരത്തും പ്രതി പലപ്പോഴും എത്തിയിരുന്നു. ഇതേക്കുറിച്ച് അദ്ധ്യാപകരും മാതാവും ചോദിച്ചെങ്കിലും ഭയം മൂലം പറയാൻ മടിച്ചു. പിന്നീട് കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവങ്ങൾ പറഞ്ഞത്.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാർ, ഇൻസ്‌പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രേം ചന്ദ്രൻ ഹാജരായി.