കുളത്തൂപ്പുഴ: റിസർവ് വനഭാഗത്തുനിന്ന് ഉടുമ്പുകളെ പിടികൂടി വിൽപ്പന നടത്തുകയും ഇറച്ചിയാക്കുകയും ചെയ്ത സംഘത്തിലെ ഒളിവിലായിരുന്ന രണ്ടുപേരെ കുളത്തൂപ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘം പിടികൂടി .
കൊല്ലം ചിതറ കുമ്മിൾ സ്വദേശി മുനീർ, തിരുവനന്തപുരം വർക്കല പള്ളിക്കൽ സ്വദേശി കുഞ്ഞുമോൻ എന്നിവരാണ് പിടിയിലായത്. ഉടുമ്പുകളെ കടത്താൻ ഉപയോഗിച്ച ബൈക്കും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുളത്തൂപ്പുഴ റേഞ്ചിന്റെ പരിധിയിൽ വരുന്ന ശങ്കിലി അമ്മയമ്പലം ഭാഗത്ത് നിന്നാണ് ഉടുമ്പുകളെ പ്രതികൾ കടത്തിക്കൊണ്ടുപോയത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വംശനാശ ഭീഷണി നേരിടുന്നതും വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ 1ൽ വരുന്ന വന്യജീവിയായ ഉടുമ്പിനെയാണ് പ്രതികൾ ഇറച്ചിയാക്കിയത്. സഹായിയായ ഒരു പ്രതി ഒളിവിലാണ്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.സി.അരുൺ, ശങ്കിലി സെക്ഷൻ ഫോറസ്റ്റർ പി.വി.അജിത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഷാനവാസ്, റോയ് ജോൺസൺ, സ്വപ്ന, രതീഷ് എന്നിവർ ഉൾപ്പെട്ട വനപാലകസംഘമാണ് പ്രതികളെ പിടികൂടിയത്. അഞ്ചൽ റേഞ്ച് വനം പരിധിയിലും പ്രതികൾ സമാനമായ കേസിൽ ഉൾപ്പെട്ടിരുന്നു.