
കൊല്ലം: ദുബായിൽ നടന്ന ഇന്തോ-ഗൾഫ് ഇന്റർ നാഷണൽ സെമിനാറിൽ സ്റ്റാർട്ട് അപ്പും ദേശീയ പുരോഗതിയും എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ഡോ. ഡി.ചന്ദ്രബോസിന് ഇന്തോ - ഗൾഫ് ഇന്റർ നാഷണൽ പുരസ്കാരം.
മേഖലയിലെ നേട്ടങ്ങളിലൂടെ രാജ്യത്തിനുണ്ടായ വികസനം കണക്കിലെടുത്താണ് യു.എ.ഇ ഗവൺമെന്റിലെ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രീസ് വിദഗ്ദ്ധരായ മുഹമ്മദ് അൽ ഐഡ്രൂസും അഹമ്മദ് അൽ അവാധിയും ഗൾഫ് കൊറിയൻ ടൈംസ് ഉടമസ്ഥയായ മിസൂക്ക് ജുംഗും ചേർന്ന് പുരസ്കാരം സമ്മാനിച്ചത്.
ചെങ്ങന്നൂർ എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും യു.ജി.സി ഇമെരിറ്റസ് പ്രൊഫസറും ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ച് എമിനന്റ് സോഷ്യൽ സയിന്റിസ്റ്റുമായ ഇദ്ദേഹം ഇരവിപുരം വാളത്തുംഗൽ കുട്ടമംഗലം കുടുംബാംഗമാണ്. ഇരുന്നൂറോളം ദേശീയ - അന്തർദ്ദേശീയ നിലവാരമുള്ള അക്കാഡമിക് പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന് നാൽപ്പതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.