കൊല്ലം: കൊട്ടിയം തഴുത്തലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 കിലോ കഞ്ചാവുമായി ആറ് യുവാക്കൾ അറസ്റ്റിൽ. കൊട്ടിയം തഴുത്തല വി.എസ് ഭവനിൽ അനൂപ് (25), പേരയം മിനി കോളനിയിൽ രാജേഷ് ഭവനിൽ രാജേഷ് (22), സുധീഷ് ഭവനിൽ രതീഷ് (25), ഷമീറ മൻസിലിൽ അജ്മീർ ഖാൻ (37), കാപ്പുംഗൽ വീട്ടിൽ ജോൺസൺ എന്ന മാനുവേൽ ( 44), കുറുമന്ന രാജ് ഭവനിൽ അഭിരാജ് (30) എന്നിവരാണ് കൊട്ടിയം പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.

ഒഡീഷ, വിശാഖപട്ടണം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽക്കുകയായിരുന്നു രീതി. ഇന്നലെ പുലർച്ചെ 3ന് ജില്ലാ പൊലീസ് ചീഫ് വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സേലം വഴി തെങ്കാശിയിലെത്തിയ ആറംഗ സംഘം ബസിൽ കഞ്ചാവ് കടത്തി പേരയത്തുള്ള മിനി കോളനിയിലെ മാനുവേലിന്റെ വീട്ടിൽ എത്തിച്ചതായി വിവരം ലഭിച്ചത്.

മൂന്ന് ബാഗുകളിലായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തോളം വിലവരുന്ന 20.620 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ കീഴടക്കി. വാഹനം കസ്റ്റഡിയിലെടുത്തു.

കൊട്ടിയം എസ്.എച്ച്.ഒ വിനോദ്, എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ ഫിറോസ് ഖാൻ, സുരേന്ദ്രൻ, സി.പി.ഒമാരായരമ്യ, ജാസിം, ഡാൻസാഫ് എസ്.ഐ കണ്ണൻ, ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.