vineeth-arrest

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വടക്കേവിള പുന്തലതാഴം, ഉല്ലാസ് നഗർ-90, പള്ളിവിള വീട്ടിൽ പോപ്പി എന്ന വിനീത് ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2013 മുതൽ ഇരവിപുരം, കിളികൊല്ലൂർ, പള്ളിത്തോട്ടം പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യ്തിട്ടുള്ള കൊലപാതകശ്രമം, നരഹത്യാശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം തുടങ്ങി ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.