എഴുകോൺ : നവകേരളം കർമ്മ പദ്ധതിയിൽ കരീപ്ര ഉളകോട്ടെ ഉപേക്ഷിച്ച പാറക്വാറിയിൽ നടപ്പാക്കിയ ഹരിത തീർത്ഥം പദ്ധതി പൂർണതോതിൽ പ്രയോജനപ്പെടാൻ കടമ്പകളേറെ. തോടുകളുടെ നവീകരണവും സംയോജനവും ഉൾപ്പെടെ സമഗ്ര പദ്ധതികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്വാറിയിൽ കെട്ടി നിൽക്കുന്ന വെള്ളം സൗരോർജ്ജത്തിന്റെ സഹായത്തോടെ പമ്പ് ചെയ്ത് ഏലാ തോടുകളിലേക്ക് ഒഴുക്കുന്നതാണ് അടിസ്ഥാന പദ്ധതി. ഉളകോട്,നെടുമൺകാവ്, ഏറ്റുവായിക്കോട്, വാക്കനാട്, കുടിക്കോട്, ഇലയം വാർഡുകളിൽ പ്രയോജനപ്പെടുന്നതാണ് പദ്ധതി.
ആശങ്കയായി മോട്ടോർ തകരാർ
നാല് മാസം മുൻപ് ആരംഭിച്ച പദ്ധതിയിൽ നിലവിൽ പമ്പിംഗ് മുടങ്ങിയിരിക്കുകയാണ്. മോട്ടോറിന്റെ സ്റ്റാർട്ടർ തകരാറാണ് കാരണം. പത്ത് എച്ച്.പി മോട്ടോറാണ് സ്ഥാപിച്ചിരിക്കുന്നത്. അനെർട്ടിനാണ് പരിപാലന ചുമതല. സാധാരണയായി ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറാണ് പമ്പ് ചെയ്യുന്നത്. വേനൽ കടുക്കുന്നതോടെ ഇത് കൂട്ടേണ്ടി വരും.
തോടുകൾ നവീകരിക്കണം
വെള്ളം സുഗമമായി ഒഴുകുന്നതിന് തോടുകൾ നവീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ക്വാറിയിൽ നിന്ന് വെള്ളം കടത്തി വിടുന്ന കലുങ്കിൽ തന്നെ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ജലമൊഴുക്കിന് തടസമായി തോട്ടിൽ മണ്ണടിഞ്ഞ് കൂടിയിട്ടുണ്ട്.
സംരക്ഷണ ഭിത്തി പലയിടത്തും ഇല്ല. തകർന്ന ഭിത്തി പുനർനിർമ്മിച്ചില്ലെങ്കിൽ വെള്ളം ഏലായിലേക്ക് കയറി കൃഷി നശിക്കും.
നെൽകൃഷിയിലേക്ക് മടക്കം വെല്ലുവിളി
നിലവിൽ പദ്ധതി പ്രയോജനപ്പെടുന്ന ഏലാകളിൽ നെൽകൃഷി വിരളമാണ്. വാഴയും അടയ്ക്കയുമാണ് പ്രധാന കൃഷി. കർഷകരെ നെൽകൃഷിയിലേക്ക് മടക്കിയെത്തിക്കാൻ ശ്രമകരമായ യത്നം വേണ്ടി വരും.
പഞ്ചായത്തിൽ നെൽകൃഷി ചെയ്യുന്ന മടന്തകോട്,തളവൂർക്കോണം പാട്ടുപുരയ്ക്കൽ, കുന്നിൻവട്ടം ഏലാകളിലേക്ക് ഹരിത തീർത്ഥത്തിലെ വെള്ളം എത്തില്ല. കനാൽ ജലത്തെ ആശ്രയിച്ചാണ് ഇവിടങ്ങളിലെ കൃഷി.
സോളാറിൽ ഹിറ്റ്
സോളാർ എനർജി ഉത്പ്പാദനത്തിൽ ഹിറ്റാണ് പദ്ധതി. ഇതു വരെ 3575 യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബിക്ക് കൈമാറിയത്. 335 കിലോ വാട്ടിന്റെ 30 സോളാർ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മന്ത്രി കെ.എൻ. ബാലഗോപാലാണ് ഹരിത തീർത്ഥം പദ്ധതി പ്രായോഗികമാക്കിയത്.