കൊല്ലം: കൊവിഡ് ലോക്ഡൗൺ സമയത്ത് കാറിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കൾക്ക് ആറ് വർഷം തടവും 60000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
കൊട്ടാരക്കര വെട്ടിക്കവല കൂട്ടപ്പാറ രാധാലയം വീട്ടിൽ ധനപാലൻ(33), വെട്ടിക്കവല നിരപ്പിൽ മഞ്ചാടിപ്പാറ
കോട്ടവിള പുത്തൻവീട്ടിൽ സിജു ജയദേവൻ(32) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
2020 ഒക്ടോബർ 13നാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന എക്‌സൈസ് സംഘം വാഹനം തടഞ്ഞ് നിറുത്തി പരിശോധിച്ചപ്പോഴാണ് വാഗണർ കാറിന്റെ ഡിക്കിയിൽ നിന്ന് 4.150 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. വാഹനം ഓടിച്ചുവന്ന സിജു ജയദേവനെയും ഒപ്പമുണ്ടായിരുന്ന ധനപാലനെയും അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയുടെ സുഹൃത്തിന്റെ ഭാര്യയെയും മകനെയും ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുന്ന വഴിയിൽ നെടുമങ്ങാട് വച്ച് ഒരാളിൽ നിന്ന് വാങ്ങിയ പൊതി കാറിന്റെ ഡിക്കിയിൽ വച്ചു. കഞ്ചാവിന്റെ രൂക്ഷഗന്ധം വന്നതിനെ തുടർന്ന് യുവതി കുട്ടിയുമായി കാറിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി. തുടർന്ന് ഒന്നും രണ്ടും പ്രതികൾ കഞ്ചാവുമായി കാറിൽ സഞ്ചരിച്ചു വരവെ ഇളമാട് കാവനാംകോണത്ത് വച്ചാണ് പിടിയിലായത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.ജി അജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മുബിൻ.എ.ഷറഫ്, അഫ്‌സൽ, ശ്രീലേഷ്, ടോമി, അജീഷ് മധു എന്നിവരടങ്ങിയ സംഘമാണ്
പ്രതികളെ പിടികൂടിയത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്.