
കൊല്ലം: സർവീസിൽ നിന്ന് വിരമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ട്രെയിൻ തട്ടി കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. ചാത്തിനാംകുളം പള്ളി തെക്കതിൽ വീട്ടിൽ തുളസീധരനാണ് (56) മരിച്ചത്. ഇന്നലെ രാവിലെ 6.20 നാണ് സംഭവം.
പെരിനാട് റെയിൽവേ സ്‌റ്റേഷന് വടക്ക് പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വന്ദേ ഭാരത് ഇടിച്ചതാണെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. കോവിൽമുക്ക് - കാഞ്ഞിരംകുഴി ഭാഗത്തെ ലൈൻമാനായിരുന്നു തുളസീധരൻ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ കോവിൽമുക്ക് ഭാഗത്തേക്ക് പോയപ്പോൾ ട്രെയിൻ തട്ടിയതാകാമെന്ന് കരുതുന്നു. കെ.എസ്.ഇ.ബി കാഞ്ഞിരംകുഴി സെക്ഷനിൽ 16 വർഷം പൂർത്തിയാക്കിയ തുളസീധരൻ ഇന്നലെ വൈകിട്ട് വിരമിക്കാനിരിക്കുകയായിരുന്നു.
അഞ്ചാലുംമൂട് പൊലീസും കൊല്ലത്ത് നിന്ന് ആർ.പി.എഫ് സംഘവും ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മൃതദേഹം കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു.
ജോലിയിൽ നിന്ന് വിരമിക്കുന്നതിൽ തുളസീധരൻ കടുത്ത വിഷമത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഭാര്യ: സരിത. മക്കൾ: ഈശ്വരി, ലക്ഷ്മി. മരുമകൻ: വിഷ്ണു. അഞ്ചാലുംമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.