തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമിയും മറ്റും വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് വിവാദം ഒഴിയുന്നില്ല. ഇതിനെതിരെ രാഷ്ട്രീയഭേദമില്ലാതെ എതിർപ്പുമായി കാർഷിക സർവകലാശാലാ ജീവനക്കാരുടെ സംഘടനകളും രംഗത്തുണ്ട്. ഭൂമി കൈമാറ്റം സംബന്ധിച്ച ഫയൽ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കാനിരിക്കെ സമരം കടുപ്പിക്കാനാണ് തീരുമാനം.
വെറ്ററിനറിയിലെ ഏതാനും ഉദ്യോഗസ്ഥരുടെ താത്പര്യങ്ങളാണ് ഭൂമികൈമാറ്റ ശ്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. വയനാട് പൂക്കോടാണ് വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനം. കാർഷിക സർവകലാശാലയുടെ സ്ഥലം കിട്ടിയാൽ അവിടെ പുതിയ കെട്ടിടങ്ങളും മറ്റുമുണ്ടാക്കി ആസ്ഥാനം മണ്ണുത്തിയിലേക്ക് മാറ്റിക്കാനും ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. കാർഷിക സർവകലാശാലയോട് ആവശ്യപ്പെട്ടാൽ പുല്ല് ലഭ്യമാക്കുമെന്നും അതിന് സ്ഥലം ചോദിക്കേണ്ടതില്ലെന്നും പറയുന്നു.
എന്നാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് ലാബ്, താമസ സൗകര്യങ്ങളില്ലെന്നാണ് അവർ പറയുന്നത്. ഇത് മൂലം പദ്ധതികളും നഷ്ടപ്പെടുന്നു. വെള്ളാനിക്കരയിൽ കാർഷിക സർവകലാശാലയ്ക്ക് ആയിരം ഏക്കറുണ്ടെന്നും വെറ്ററിനറിക്കാർ പറയുന്നു.
ബാദ്ധ്യതകൾ ഏറ്റെടുത്തെന്ന്
2011ൽ വെറ്ററിനറിയെ വേർതിരിച്ചപ്പോൾ ജീവനക്കാരുടെ പെൻഷൻ ബാദ്ധ്യതകൾ കാർഷിക സർവകലാശാല ഏറ്റെടുത്തു. 20 സ്ഥാപനങ്ങളും അതിനോട് അനുബന്ധിച്ച സ്ഥലങ്ങളും അന്നുതന്നെ കൈമാറിയിരുന്നു. തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്ന് ഇന്നും കാർഷിക സർവകലാശാല മുക്തമായിട്ടില്ലെന്ന് സംഘടനകൾ പറയുന്നു.
വെറ്ററിനറിക്കാർ പറയുന്നത്
ഫാമുകളിലെ മൃഗങ്ങൾക്ക് തീറ്റപ്പുല്ല് വളർത്താനും കെട്ടിടവും ലാബും ഉൾപ്പെടെ സ്ഥാപിക്കാനുമാണ് സ്ഥലമെന്നാണ് വെറ്ററിനറിക്കാരുടെ വാദം. 2011ലെ ഉത്തരവനുസരിച്ച് അവകാശപ്പെട്ട സ്ഥലം മാത്രമേ ചോദിക്കുന്നുള്ളുവെന്നും പറയുന്നു. തങ്ങൾ നികുതി അടയ്ക്കുന്ന സ്ഥലത്താണ് കാർഷിക സർവകലാശാല ഗവേഷണം നടത്തുന്നതെന്നാണ് വെറ്ററിനറിക്കാരുടെ അവകാശവാദം.
കാർഷിക സർവകലാശാലാ വാദം
വെറ്റിനറിയുടെ മണ്ണുത്തി കാമ്പസിനുള്ളിലെ വെള്ളപ്പാറക്കുന്നിൽ പുൽക്കൃഷി ചെയ്തുവന്നിരുന്ന 160 ഏക്കറോളം ഭൂമി തരിശിട്ടിരിക്കുമ്പോഴാണ് അമൂല്യ ജനിതകശേഖരമുള്ള കാർഷിക സർവകലാശാലയുടെ 45 ഏക്കർ ആവശ്യപ്പെടുന്നതെന്നാണ് കാർഷിക സർവകലാശാല പറയുന്നത്. കാർഷിക ഗവേഷണ കൗൺസിൽ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ആസ്തികളിൽ വെറ്ററിനറിക്ക് എങ്ങനെ അവകാശം ഉന്നയിക്കാനാകുമെന്ന് അവർ ചോദിക്കുന്നു.