തൃശൂർ: ഇന്ത്യയിലെ തണ്ണീർത്തടങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന തുമ്പി പച്ചക്കണ്ണൻ ചേരാച്ചിറകന്റെ ലാർവയെക്കുറിച്ച് ആദ്യ ശാസ്ത്രീയ വിശകലനം നൽകി ഗവേഷകർ.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ എ, ഡോ. സുബിൻ കെ. ജോസ്, പശ്ചിമ ബംഗാളിലെ ജന്തുശാസ്ത്ര ഗവേഷകനായ പ്രൊസെൻജിത്‌ഡോൺ എന്നിവരാണ് പഠനം നടത്തിയത്.
പൊന്നാനി കോൾനിലങ്ങളിലെ സ്രായിൽക്കടവിൽ നിന്ന് ശേഖരിച്ച ലാർവ പച്ചക്കണ്ണൻ ചേരാച്ചിറകന്റേതെന്ന് തിരിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പഠനം. ഇന്ത്യയിൽ കാണപ്പെടുന്ന പല തുമ്പി വർഗങ്ങളുടെയും ലാർവകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ പഠനത്തിന് പ്രാധാന്യം ഏറെയാണ്.
പ്ലേറ്റിലെസ്റ്റസ് പ്ലേറ്റിസ്റ്റൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏതാനും വർഷം മുമ്പാണ് കേരളത്തിൽ ഇതിനെ കണ്ടെത്തിയത്. ജലജന്യജീവികളായ തുമ്പികൾ ജലസ്രോതസിന്റെ സാന്നിദ്ധ്യത്തിന്റെയും ആരോഗ്യനിലയെയും സൂചിപ്പിക്കുന്നു. ശുദ്ധജല സ്രോതസുകളിലാണ് ഇവയെ കണാനാകുക. ഇവ കൂടുതലുണ്ടെങ്കിൽ ശുദ്ധജല സാന്നിദ്ധ്യം പര്യാപ്തമാണെന്ന് കരുതാം. ജലത്തിലെ മലിനാവസ്ഥയ്ക്ക് അനുസരിച്ച് ഇവയുടെ വിതരണവും വ്യത്യാസപ്പെടും.
തുമ്പികൾ മാംസഭുക്കുകളാണ്. പഠനഫലം സൂടാക്‌സ എന്ന അന്താരാഷ്ട്രജേർണലിൽ പ്രസിദ്ധീകരിച്ചു. വയനാടൻ കടുവയെന്ന തുമ്പിയിനത്തിലെ ആൺതുമ്പിയെയുംകോളേജിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു.
പച്ചക്കണ്ണൻ കർഷകമിത്രം
പച്ചക്കണ്ണൻ ചേരാച്ചിറകനെ പാടശേഖരങ്ങളിലാണ് കൂടുതലായും കാണുന്നത്. വിളകൾക്ക് ഭീഷണിയാകുന്ന കീടങ്ങളെ തിന്നുന്നതിനാൽ ഇവ കർഷക മിത്രമാണ്. പാടശേഖരങ്ങളിലെ രാസ കീടനാശിനികൾ തുമ്പികൾക്ക് ഭീഷണിയാകാറുണ്ട്. ജൈവ വൈവിദ്ധ്യത്തിലും പരിസ്ഥിതി സന്തുലനത്തിലും ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷികൾ പോലുള്ളവയ്ക്ക് തുമ്പികൾ തീറ്റയാകുന്നുമുണ്ട്.