തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനായി നഗരത്തിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് കോർപറേഷൻ അഴിപ്പിച്ചതിന് പിന്നാലെ, ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ജീവനക്കാർ തന്നെ തിരിച്ചു കെട്ടി. ഗതാഗതതടസം ചൂണ്ടിക്കാട്ടി തെക്കെ ഗോപുരനടയുടെ മുന്നിലെ റോഡിലെ ബോർഡും കൊടിതോരണങ്ങളുമാണ് കോർപറേഷന്റെ വാഹനത്തിലെത്തി ഉച്ചയോടെ അഴിപ്പിക്കാൻ തുടങ്ങിയത്. സംഭവമറിഞ്ഞ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുളള പ്രവർത്തകർ ബോർഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തിൽ കയറ്റിയ ഫ്‌ളക്‌സ് ബോർഡ് തിരിച്ചു കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
ജീവനക്കാരുമായി വാക്കേറ്റം നേരിയ സംഘർഷത്തിലെത്തി. ബി.ജെ.പി.യുടെ വനിതാ പ്രവർത്തകർ അടക്കം ലോറിയിൽ കയറി ബോർഡുകൾ ഇറക്കിവച്ചു. പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ ജീവനക്കാർ തന്നെ ബോർഡ് തിരിച്ചു കെട്ടി. പിന്നീട്, ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ കോർപറേഷന്റെ ഗേറ്റിലേക്ക് മാർച്ച് നടത്തി. ഏതാനും ബോർഡും കൊടികളും കോർപറേഷന്റെ ഗേറ്റിലും പ്രവർത്തകർ കെട്ടി. കൊടികളുമായെത്തിയ കൂടുതൽ പ്രവർത്തകർ ചേർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടർന്നു. പൊലീസ് സ്ഥലത്തെത്തിയതിനെ തുടർന്ന് പ്രവർത്തകർ മടങ്ങി. ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ബോർഡും ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളന ബോർഡും നഗരത്തിലുണ്ട്. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡ് അഴിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ വിരോധമാണ്. കോർപറേഷൻ തീരുമാനം ധിക്കാരപരവും അസഹിഷ്ണുത നിറഞ്ഞതുമാണ്.- കെ.കെ.അനീഷ് കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്