 
ചെന്ത്രാപ്പിന്നി : പുതുക്കിപ്പണിത മധുരംപിള്ളി നടപ്പാലം നാടിന് സമർപ്പിച്ചു. കനോലി കനാലിന് കുറുകെ വർഷങ്ങളായി ജീർണാവസ്ഥയിലായിരുന്ന പാലമാണ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയത്. കാട്ടൂർ-എടത്തിരുത്തി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ നടപ്പാലം നവകേരള സദസിന്റെ ഭാഗമായി നടന്ന ജനകീയ ചർച്ചകളുടെ അടിസ്ഥാനത്തിൽ എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ധനലക്ഷ്മി ബാങ്കിന്റേയും നാട്ടുകാരുടെയും സഹായത്തോടെയാണ് നവീകരിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അദ്ധ്യക്ഷയായി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഫൽഗുണൻ, നൗമി പ്രസാദ്, വി.എസ്. ജിനേഷ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ, വാർഡ് മെമ്പർമാരായ പി.എ. ഷെമീർ, സി.സി. സന്ദീപ്, ധനലക്ഷ്മി ബാങ്ക് റീജ്യണൽ മാനേജർ അനൂപ് നായർ, ബ്രാഞ്ച് മാനേജർ വിഭ വർമ്മ, ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ തുടങ്ങിയവർ സംസാരിച്ചു.