മാള: കോട്ടവാതിൽ ചുണ്ടെക്കാട്ടില്ലത്തെ മുരളീധരൻ മാസ്റ്റർ സംഗീതവും വായനയും ഹൃദയതാളമാക്കി മാറ്റിയ വ്യക്തിയാണ്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ വായനാശീലമുണ്ട്. അന്ന് ഏതാനും പുസ്തകങ്ങളേ സ്വന്തമായുണ്ടായിരുന്നുള്ളൂ. എങ്കിൽ ഇന്ന് ഏകദേശം പതിനായിരത്തോളം പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നു. വായനാശീലം തന്റെ അച്ഛനിൽ നിന്നും പകർന്ന് കിട്ടിയതാണെന്ന് മുരളീധരൻ പറഞ്ഞു. പിതാവ് പഴയകാല ജനയുഗം, മലയാള രാജ്യം തുടങ്ങിയ വാരികകളിൽ കവിതകളെഴുതുമായിരുന്നു. നാട്ടിൽ (കോട്ടവാതിൽ) ഒരു വായനശാല തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഒരു കവിതാ മത്സരത്തിൽ മത്സരാർത്ഥിയായി മുരളീധരൻ മാസ്റ്റർ പങ്കെടുത്തപ്പോൾ അതിന് വിധികർത്താവായി എം.എൻ. വിജയൻ മാഷും യാദൃച്ഛികമായി ഉണ്ടായിരുന്നു. കവിതാ മത്സര പേപ്പറിൽ നിന്നും മുരളി മാഷിന്റെ പേപ്പർ എടുത്തിട്ട് വിജയൻ മാഷ് പറഞ്ഞു. ഇവിടെ ഒരു കവിയുണ്ട്, ഇദ്ദേഹം ഒരു കവിയാണ്, ഒന്നാം സമ്മാനം ഇദ്ദേഹത്തിന്റെ കവിതയ്ക്ക് കൊടുക്കാം. ഈ വിവരം സഹ വിധികർത്താക്കളാണ് മുരളീധരനോട് പറഞ്ഞത്. മുരളി മാഷിന്റെ ഒരുപാട് കവിതകളും ചിന്തകളും നവമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെളുപ്പിന് നാലിന് എണീറ്റ് വായന തുടങ്ങും. വായിച്ച പുസ്തകങ്ങളുടെ സാരാംശം ഭാര്യയുമായി ചർച്ച ചെയ്യും. സഹപാഠി ഡോ. പത്മനാഭൻ വടക്കേടത്താണ് എഴുത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തിരുത്തുമായി സഹായിക്കുന്നത്.
അഷ്ടമിച്ചിറയിൽ വിപഞ്ചിക എന്ന സംഗീത സ്‌കൂൾ നടത്തിയിരുന്ന കാലത്താണ് തൃശൂർ ചേതനയുടെ ഡയറക്ടറും സ്വന്തം നാട്ടുകാരനുമായ ഫാദർ തോമസ് ചക്കാലമറ്റത്തെ പരിചയപ്പെടുന്നത്. 25 വർഷമാണ് മാഷ് തൃശൂർ ചേതനയിൽ സംഗീത അദ്ധ്യാപകനായി ചെലവഴിച്ചത്. അക്കാലത്ത് തിരുപ്പട്ട ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ചില സങ്കീർത്തനങ്ങൾക്ക് സംഗീതം നൽകണമെന്ന് തോമസച്ചന്റെ നിർദ്ദേശമാണ് നിരവധി സങ്കീർത്തനങ്ങൾക്ക് ഈണം നൽകാൻ മുരളീധരൻ മാസ്റ്റർക്ക് നിമിത്തമായത്. കലകൾക്ക് ജാതിയും മതവും ഇല്ലെന്ന് വിശ്വസിക്കുന്ന അദ്ദേഹം നിരവധി ക്രൈസ്തവ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.