
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി തൃശൂർ. ബി.ജെ.പിയുടെ നേതൃത്വത്തിൽ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് ജനുവരി മൂന്നിന് വൈകിട്ട് മൂന്നിന് മഹിളാ സംഗമത്തിനാണ് മോദി തൃശൂരിലെത്തുന്നത്. വൈകിട്ട് മൂന്നിന് കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുടർന്ന് കാർ മാർഗം സമ്മേളന നഗരിയിലെത്തും. ജില്ലാ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. നായ്ക്കനാൽ വരെയാണ് റോഡ്‌ഷോ. അതിന് ശേഷം സമ്മേളന നഗരിയിലേക്ക് പ്രവേശിക്കും. രണ്ട് ലക്ഷത്തോളം മഹിളകൾ പങ്കെടുക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ നടി ശോഭന, വൈക്കം വിജയലക്ഷ്മി, ക്രിക്കറ്റ് താരം മിന്നുമണി, പെൻഷൻ മുടങ്ങിയതിനെതിരെ പ്രതികരിച്ച് ശ്രദ്ധ നേടിയ മറിയക്കുട്ടി, പി.ടി. ഉഷ എം.പി എന്നിവർ പങ്കെടുത്തേക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രചാരണാർത്ഥം ഇന്നലെ വൈകിട്ട് നൂറ് കണക്കിന് പേർ പങ്കെടുത്ത മെഗാതിരുവാതിരയും അരങ്ങേറി.