തൃശൂർ: പ്രധാനമന്ത്രിയെ വരവേൽക്കൽ ഒരുക്കങ്ങൾ പൂർണം. നാളെ വൈകീട്ട് മൂന്നോടെ തൃശൂരിലെത്തുന്ന പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം തൃശൂരിൽ ഉണ്ടാകും. ഇതിന്റെ ഭാഗമായി നഗരത്തിലെമ്പാടും കനത്ത സുരക്ഷാക്രമീകരണം. ഇന്ന് രാവിലെ മുതൽ തന്നെ നഗരം എസ്.പി.ജിയുടെ നിയന്ത്രണത്തിലാകും. സമ്മേളനം നടക്കുന്ന തേക്കിൻകാടം മൈതാനത്തേക്ക് കർശന പരിശോധനയോടെയാണ് ആളുകളെ കടത്തിവിടുന്നത്. സ്‌റ്റേജിന്റെ നിർമ്മാണം ഇന്ന് പൂർത്തിയാകും. എസ്.പി.ജി ഉദ്യോഗസ്ഥർ, കളക്ടർ വി.ആർ. കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തുന്ന പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ സ്വീകരിക്കും.
ആവേശത്തിരയിളക്കാൻ റോഡ് ഷോ
സമ്മേളനനഗരിയിലേക്ക് വനിതകൾക്ക് മാത്രമാണ് പ്രവേശനം എന്നതിനാൽ പുറത്തുനിൽക്കുന്നവർ ആവേശം പകരാൻ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയിൽ പതിനായിരങ്ങൾ അണിനിരക്കും. ജില്ലാ ആശുപത്രി മുതൽ നായ്ക്കനാൽ വരെയാണ് റോഡ് ഷോ നടക്കുക. ആരംഭം മുതൽ സ്വരാജ് റൗണ്ടിലൂടെ പ്രധാനമന്ത്രി നടക്കുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളെല്ലാം ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്.
രണ്ട് ലക്ഷം വനിതകളുടെ സംഗമം
സമ്മേളനത്തിൽ രണ്ട് ലക്ഷം വനിതകളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് വനിതകൾ പങ്കെടുക്കുമെന്ന് മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു. പ്രമുഖരായ എട്ടോളം വനിതകൾ പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്നാണ് സൂചന. കൂടാതെ കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവ്‌ദേക്കർ, രാധമോഹൻ അഗർവാൾ, എ.പി. അബ്ദുളക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവർ വേദിയിലുണ്ടാകും.
നഗരത്തിൽ വാഹന നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തോട് അനുബന്ധിച്ച് നാളെ രാവിലെ മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം. സുരക്ഷ മുൻനിറുത്തി, രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാർക്കിംഗ് അനുവദിക്കുകയില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും. പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടേത് ഉൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
തൃശൂർ താലൂക്കിൽ പ്രാദേശിക അവധി
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്രസംസ്ഥാന അർദ്ധസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും.