പാലപ്പിള്ളി: റബ്ബർ വിലയിടിവിന്റെ പേരിൽ തൊഴിലാളികൾക്ക് കൂലി ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുന്നില്ലെന്ന് പരാതി. ഹാരിസൺ മലയാളം കമ്പനിയുടെ പാലപ്പിള്ളി മേഖലയിലെ തൊഴിലാളികൾക്കാണ് ദുരിതം. വിലയിടിവിന്റെ പേരിൽ ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ സർക്കാരിൽ നിന്നും കോടികളുടെ ആനുകൂല്യം കമ്പനികൾ നേടുമ്പോഴാണ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്.

പാട്ട ഭൂമിയിൽ റബർ കൃഷി ചെയ്യുന്ന കമ്പനികൾ പാട്ടഭൂമിയിൽ നിന്നും മുറിച്ച് വിൽക്കുന്ന മരങ്ങൾക്ക് ടിനറേജ് (നികുതി) ആയി ടണ്ണിന് 3 രൂപയാണ് സർക്കാരിലേക്ക് നൽകിയിരുന്നത്. ബിനോയ് വിശ്വം വനം മന്ത്രിയായിരിക്കെഇത് 3000 രൂപയായി വർദ്ധിപ്പിച്ചു. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ട്രേഡ് യൂണിയനുകളുടെ സഹായത്താൽ നടത്തിയ നീക്കത്തിനൊടുവിൽ മുൻകാല പ്രാബല്യത്തോടെ 850 രൂപയായി കുറച്ചു. ഇതുപ്രകാരം കമ്പനികൾക്ക് കോടിക്കണക്കിന് രൂപ സർക്കാർ തിരിച്ചു നൽകിയിരുന്നു.

കാലാവധി കഴിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കാതെ കമ്പനികൾ വീണ്ടും സമർദ്ദം തുടർന്നു. തുടർന്ന് ട്രേഡ് യൂണിയനുകൾ സർക്കാരിൽ സമർദ്ദം ചെലുത്തിയതിനെത്തുടർന്ന് ടിനറേജ് പൂർണമായും ഒഴിവാക്കി. ടിനറേജ് ഒഴിവാക്കിയ അവസരത്തിൽ തൊഴിലാളികൾക്ക് കുടിശ്ശിക ഉണ്ടായിരുന്ന ഗ്രാറ്റുവിറ്റി നൽകിയെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി ഇത് നൽകുന്നില്ല.

കൂടാതെ തൊഴിലാളികൾ ചെയ്യുന്ന ഓവർ ടൈം ജോലിക്ക് നൽകുന്ന സിംഗിൾ കൂലിയും പാലപ്പിള്ളിയിലെ ഹാരിസൺ കമ്പനിയിൽ നൽകുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. ജോയിന്റ് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ രണ്ട് വർഷം മുമ്പ് നടന്ന അനുരഞ്ജന ചർച്ചയിൽ ഗ്രാറ്റുവിറ്റി ഉടൻ വിതരണം ചെയ്യാമെന്ന് കമ്പനി ഉറപ്പു നൽകിയിരുന്നു. കമ്പനിയെ സഹായിക്കുന്ന നിലപാടാണ് ട്രേഡ് യൂണിയനുകൾ സ്വീകരിക്കുന്നതെന്ന ആരോപണവുമുണ്ട്. വിരമിച്ച തൊഴിലാളിക്ക് 30 ദിവസത്തിനകം ഗ്രാറ്റുവിറ്റി നൽകണമെന്നാണ് നിയമം.

ദുരിതക്കയത്തിൽ