modi

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി മോദി തൃശൂരിലെത്തിയപ്പോൾ ഉയർത്തിയ വിഷയങ്ങൾ ഇന്നലെയും ആവർത്തിച്ചു. അന്ന് ശബരിമല വിഷയം മുതൽ മുത്തലാഖ്, ഐ.എസ്.ആർ.ഒ ചാരക്കേസ്, സോളാർ വിവാദം, സ്ത്രീ ശാക്തീകരണം വരെ നിരത്തിയായിരുന്നു ഇടത്, വലത് മുന്നണികൾക്കെതിരെ ആഞ്ഞടിച്ചത്. 2019 ജനുവരി 27ന് തേക്കിൻകാട് മൈതാനിയിൽ നടന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗമായിരുന്നു അത്.
തൃശൂർ പൂരത്തെയും ആചാരങ്ങളെയും ഇടതുസർക്കാർ ഹനിക്കുകയാണെന്ന് രണ്ടാം വരവിലും മോദി കുറ്റപ്പെടുത്തി. ശബരിമലയിൽ കുത്തഴിഞ്ഞ നിലയാണെന്നും വിമർശിച്ചു. അന്ന് അമ്പത് മിനിറ്റോളം വൈകിയെങ്കിൽ, ഇന്നലെ ഒന്നര മണിക്കൂർ കഴിഞ്ഞാണ് വേദിയിലെത്തിയത്. ഭാരത് മാതാവിന് അഭിവാദ്യം അർപ്പിച്ചായിരുന്നു തുടക്കവും ഒടുക്കവും. കേന്ദ്രമന്ത്രി വി.മുരളീധരൻ തന്നെയാണ് രണ്ട് തവണയും പരിഭാഷപ്പെടുത്തിയത്. കഴിഞ്ഞതവണ വന്നപ്പോൾ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രി ഉണ്ടായ ചരിത്രമുണ്ടോയെന്ന് ചോദിച്ച് ഇടതുമുന്നണിയെ വിമർശിച്ചിരുന്നു. ഇന്നലെ 41 മിനിറ്റ് നീണ്ട പ്രസംഗത്തിലും വികസന വിഷയങ്ങൾക്കാണ് ഊന്നൽ കൊടുത്തത്.


മന്നത്തെ സ്മരിച്ച്...

മന്നത്ത് പത്മനാഭന് ശ്രദ്ധാഞ്ജലി അർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. തമിഴ് നാട്ടിലെ ധീരവനിത വേലുനാച്ചിയാരുടെയും മഹാരാഷ്ട്രയിലെ സാമൂഹികപ്രവർത്തക സാവിത്രിഭായ് ഫൂലേയുടെയും ജന്മദിനത്തിലാണ് താൻ തൃശൂരിലെത്തിയതെന്നും പറഞ്ഞാണ് സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗമാരംഭിച്ചത്.