nitin

തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളുടെയും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകളുടെയും പാലക്കാട് മണ്ഡലത്തിലെ കാഴ്ച്ചപ്പറമ്പ് അടിപ്പാതയുടെയും നിർമ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു. ജനുവരി അഞ്ചിന് കാസർകോട് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാതാ പദ്ധതികളുടെ നിർമ്മാണോദ്ഘാടന ചടങ്ങിലായിരിക്കും പ്രഖ്യാപനം.
വിവിധ പാർലമെന്റ് മണ്ഡലങ്ങളിലായി 525.79 കോടിയുടെ അടിപ്പാതനിർമ്മാണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്ര മന്ത്രിയിൽ നിന്നും ലഭിച്ചതായി എം.പി അറിയിച്ചു. കഴിഞ്ഞ ദിവസം ടെൻഡർ നടപടികളുടെ പ്രഥമഘട്ടം പൂർത്തിയാക്കി. അടിപ്പാത നിർമ്മാണത്തിനായി മത്സരാടിസ്ഥാനത്തിൽ നടന്ന ടെൻഡറിൽ ഏഴ് കമ്പനികളാണ് പങ്കെടുത്തത്. നിരന്തരം അപകടങ്ങളുണ്ടാകുന്ന ഈ പ്രദേശങ്ങളിൽ അടിപ്പാത യാഥാർത്ഥ്യമാക്കുന്നതിന് വലിയ ജനകീയ പ്രക്ഷോഭം നടന്നുവരികയായിരുന്നു. ഈ പ്രദേശങ്ങളിലെ എം.പിമാർക്ക് പ്രത്യേക ക്ഷണം മന്ത്രിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ അടുത്ത് നിരന്തരമായി നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് അടിപ്പാതകൾക്ക് അനുമതി ലഭിച്ചതെന്നും മന്ത്രിക്ക് നന്ദി അറിയിച്ച് കത്ത് നൽകിയതായും എം.പി അറിയിച്ചു.

525.79 കോടിയുടെ അടിപ്പാതനിർമ്മാണം

തൃശൂർ പാർലമെന്റ് മണ്ഡലം

209.17 കോടി

ആലത്തൂർ 117.77 കോടി

ചാലക്കുടി 149.45 കോടി

പാലക്കാട് 49.40 കോടി