modi

#പ്രസംഗം തുടങ്ങിയത് മലയാളത്തിൽ

തൃശൂർ: എന്റെ അമ്മമാരെ, സഹോദരിമാരെ... തേക്കിൻകാട് മൈതാനത്ത് തടിച്ചു കൂടിയ ലക്ഷത്തിലേറെ സ്ത്രീകളുടെ ആരവങ്ങൾക്കിടെ മലയാളത്തിൽ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി വനിതാ ക്ഷേമപദ്ധതികൾ ഒന്നൊന്നായി നിരത്തി. മാേദി ഗ്യാരന്റിയെന്ന് ആർത്തുവിളിച്ച് പ്രവർത്തകർ ആവേശഭരിതരായി.

തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച മഹിളാ സംഗമത്തിലൂടെ ബി.ജെ.പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തുടക്കമിട്ടു. റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം സുരേഷ് ഗോപിയും പങ്കെടുത്തതോടെ തൃശൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനമായി അതു മാറി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യനും മാത്രമാണ് സുരേഷ് ഗോപിക്ക് പുറമേ, റോഡ് ഷോയിൽ ഉണ്ടായിരുന്നത്.

മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വന്ന 2014 മുതൽ നടപ്പാക്കിയ സ്ത്രീസൗഹൃദ പദ്ധതികൾ ചൂണ്ടിക്കാട്ടി മോദിയുടെ ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി മലയാളത്തിൽ ആവർത്തിച്ചുപറഞ്ഞു.മോദി ഗ്യാരന്റിയെന്ന് സ്ത്രീകൾ ഏറ്റുവിളിച്ചു.

എ.വി കുട്ടിമാളുവമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിന് നൽകിയ ഊർജ്ജം ചെറുതല്ലെന്നും കാർത്യായനിയമ്മയും ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസമല്ല എന്ന് കാണിച്ചു തന്നുവെന്നും പ്രധാനമന്ത്രിപറഞ്ഞു. ആദിവാസി വിഭാഗത്തിൽ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്‌കാര ജേതാവായതും പി.ടി.ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്റെ അഭിമാനമായതും മോദി പരാമർശിച്ചു.

നടി ശോഭന, പി.ടി.ഉഷ എം.പി., ഗായിക വൈക്കം വിജയലക്ഷ്മി, ക്രിക്കറ്റ് താരം മിന്നുമണി, വ്യവസായപ്രമുഖ ബീനാ കണ്ണൻ, സാമൂഹ്യപ്രവർത്തക ഉമാ പ്രേമൻ, പെൻഷൻ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടി തുടങ്ങിയ പ്രമുഖ വനിതകളെ വേദിയിലെത്തിച്ചത്

കേരളത്തിന്റെ പൊതുസമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.