കുന്നംകുളം: പാറേമ്പാടം കുരിശിനു സമീപം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തൃത്താല കുടിവെള്ള പദ്ധതിയുടെ 450 എം.എം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയത്. കുന്നംകുളം വൈ.എം.സി.എ ഭാഗങ്ങളിലേക്കും കടപ്പുറം വഴി ഗുരുവായൂർ ഭാഗത്തേക്കും വെള്ളം എത്തിക്കുന്ന ശുദ്ധജല പൈപ്പാണ് പാറേമ്പാടത്ത് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ മേഖലയിലെ ശുദ്ധജല വിതരണം താറുമാറായി. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് വിവരം. ബുധനാഴ്ച തൃശൂരിൽ നിന്നും പൈപ്പ് എത്തിച്ച് ഉച്ചയോടെ പണി ആരംഭിക്കും. വ്യാഴാഴ്ച ശുദ്ധജല വിതരണം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പൈപ്പ് പൊട്ടിയതോടെ ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് മേഖലയിൽ പാഴായത്.
പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡ് തകർന്ന് വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ശുദ്ധജലവിതരണം ഉടൻ പുനഃസ്ഥാപിച്ച് റോഡിലെ കുഴിയടച്ച് അപകട സാദ്ധ്യത ഒഴിവാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.