pm

മൈതാനത്തേക്ക് സ്ത്രീകൾക്ക് മാത്രം പ്രവേശനം


തൃശൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൃശൂ‌ർ നഗരത്തിൽ സുരക്ഷ കർശനമാക്കി. മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചു. മഹിളാസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തേക്ക് സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രമേ പ്രവേശിക്കാനാകൂ.

പൊലീസ് അക്കാഡമി അസി.ഡയറക്ടർ ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിൽ ആയിരത്തോളം വനിതാ പൊലീസുകാരെയാണ് വേദിയുടെയും സദസിന്റെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ബാഗ്, കുപ്പിവെള്ളം, കുട തുടങ്ങിയവ അനുവദിക്കില്ല. മൊബൈൽ ഫോൺ കരുതാം. റോഡ് ഷോ നടക്കുന്ന സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മെറ്റൽ ഡിറ്റക്ടറും സ്‌ഫോടക വസ്തു പരിശോധനാ സംവിധാനവും ഏർപ്പെടുത്തി.

വാഹനങ്ങൾ വഴി തിരിച്ചുവിടാനും ട്രാഫിക് ഡ്യൂട്ടിക്കും അഞ്ഞൂറിലധികം പൊലീസുകാരെ വിന്യസിച്ചു. സ്വരാജ് റൗണ്ടിലും ഉയർന്ന കെട്ടിടങ്ങളിലും പരിശോധന പൂർത്തിയാക്കി. വേദി, ബാരിക്കേഡ് തുടങ്ങിയ നിർമ്മാണങ്ങൾ നടത്തുന്ന മറുനാടൻ തൊഴിലാളികളടക്കമുള്ളവരുടെ സ്ക്രീനിംഗ് സ്‌പെഷൽ ബ്രാഞ്ച് പൂർത്തിയാക്കി.

പ്രധാന വേദിയായ നായ്ക്കനാലിലും, തേക്കിൻകാട് മൈതാനത്തും ഡോഗ് സ്‌ക്വാഡ് അടക്കം സ്‌ഫോടക വസ്തു പരിശോധന പൂർത്തിയാക്കി. മുഴുവൻ സമയ പൊലീസ് കാവലും ഏർപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ, ഉത്തരമേഖല ഐ.ജി കെ.സേതുരാമൻ, തൃശൂർ മേഖല ഡി.ഐ.ജി എസ്.അജീതാ ബീഗം തുടങ്ങിയ മുതിർന്ന പൊലീസുദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ടുന്നുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം.