building

ചാലക്കുടി: മേലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഒന്നാം നിലയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3.30ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും.

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ക്ഷീരസംഘത്തിൽ ഇപ്പോൾ ദിനംപ്രതി 1600 ലിറ്റർ പാൽ അളക്കുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് വി.ഡി. തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷീര വികസന വകുപ്പ്, മിൽമ എന്നിവയുടെ ആനൂകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. സോളാർ സിസ്റ്റം സ്ഥാപിച്ച് വൈദ്യുതി ഉപയോഗത്തിൽ സ്വയം പര്യാപ്ത കൈവരിച്ചു. മേലൂരിന് പുറമെ മുള്ളൻപാറയിലും ഇപ്പോൾ കളക്ഷൻ സെന്ററും ആകെ രണ്ട് കോടി രൂപയുടെ ആസ്തിയിമുണ്ടെന്ന് പ്രസിഡന്റ് വിശദീകരിച്ചു.

ചടങ്ങിൽ തൃശൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, മിൽമ ചെയർമാൻ എം.ടി. ജയൻ, മുൻ എം.എൽ.എ ബി.ഡി. ദേവസി, കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, സംഘം പ്രസിഡന്റ് വി.ഡി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും. സെക്രട്ടറി എൻ.പി. ആന്റണി, സീനിയർ ക്ഷീര വികസന ഓഫീസർ പി.എഫ്. സെബിൻ, വി.എസ്. കൃഷ്ണകുമാർ, എം.വി. ജിജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിർമ്മിച്ച പൂർണമായും ശീതീകരിച്ച ഹാൾ ക്ഷീരകർഷകർക്ക് ഒത്തുകൂടൽ, യോഗങ്ങൾ, സെമിനാറുകൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കാൻ ഉപയോഗപ്പെടുത്തും.