s

തൃശൂർ: കേരളത്തിന്റെ വികസനത്തിന് ബി.ജെ.പി അധികാരത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്ത് ഇടത്, വലത് മുന്നണികളും ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയും തടസം നിൽക്കുമ്പോഴും വികസനത്തിന് മോദിയുടെ ഉറപ്പുണ്ടെന്ന് (മോദി ഗ്യാരന്റി) അദ്ദേഹം ആവർത്തിച്ചു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

സംഘർഷത്തെ തുടർന്ന് സുഡാൻ, ഉക്രെയിൻ, ഗാസ എന്നിവിടങ്ങളിലകപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കുമെന്ന ഉറപ്പ് പാലിച്ചു. പത്ത് കോടി ഉജ്ജ്വല ഗ്യാസ് കണക്‌ഷൻ നൽകി. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം, സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം, നിയമസഭകളിലും പാർലമെന്റിലും ഉൾപ്പെടെ 33 ശതമാനം സംവരണം, വിശ്വകർമ്മ യോജനയിലൂടെ സ്ത്രീകളുടെ ഉന്നമനം, ഗർഭിണികൾക്ക് 26 ആഴ്ചയിലെ പ്രസവാവധി എന്നീ ഉറപ്പും പാലിച്ചു.

കേരളത്തിൽ ഏറെക്കാലമായി ഇടത്, വലത് മുന്നണികൾ വഞ്ചനയുടെ നാടകം കളിക്കുന്നു. പേരിൽ മാത്രം വ്യത്യാസമുള്ള ഇവരുടെ ആശയം ഒന്നാണ്. സ്വർണക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലെ സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും കുടുംബാധിപത്യവും നടത്തുകയാണ്. കണക്ക് ചോദിച്ചാൽ പദ്ധതികൾക്ക് തടസം നിൽക്കുന്നുവെന്നാണ് പറയുക.

'ഇന്ത്യ' സഖ്യം വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ആചാരങ്ങൾക്ക് തടസ്സം നിൽക്കുന്നു. ഉത്സവങ്ങളിലും കൊള്ള നടത്തുന്നു. തൃശൂർ പൂരത്തിന്റെ കാര്യത്തിലും രാഷ്ടീയക്കളിയുണ്ടായത് ദൗർഭാഗ്യകരമാണ്. ശബരിമലയെ ദുർബലപ്പെടുത്തുന്നത് ഖേദകരമാണ്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നതുകൊണ്ടാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളടക്കം ബി.ജെ.പി ഭരിക്കുന്നത്. ക്രിസ്മസിന് വസതിയിലൊരുക്കിയ വിരുന്നിൽ ക്രിസ്ത്യൻ മത നേതാക്കൾ കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ചു. അവർക്ക് നന്ദി പറയുന്നു. മുത്തലാക്കിൽ നിന്ന് മുസ്ലീം സ്ത്രീകളെ മോചിപ്പിച്ചതും മോദി എടുത്തുപറഞ്ഞു.