modi

തൃശൂർ : നിറുത്താതെ ഉയർന്ന മോദി, മോദി വിളികൾ. അകമ്പടിയായി പുഷ്പ വൃഷ്ടി. കൈവീശി ആവേശംപകർന്ന് തുറന്ന ജീപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി. റോഡ് ഷോയുമായി മൂന്നാമതും തൃശൂർ സന്ദർശനത്തിനെത്തിയ മോദിയെ കാത്ത് വടക്കുന്നാഥന്റെ മണ്ണിൽ സ്വരാജ് റൗണ്ടിന്റെ ഇരുപുറവും പതിനായിരങ്ങൾ.

3.10ന് കുട്ടനെല്ലൂരിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി റോഡ് ഷോയ്ക്കായി ജില്ല ആശുപത്രി പരിസരത്ത് എത്തിയപ്പോൾ സമയം 3.35. കുർത്തയും ഓവർക്കോട്ടും കസവ് ഷാളും ധരിച്ചെത്തിയ മോദിയെ സാംസ്‌കാരിക തലസ്ഥാനത്തേക്ക് ബി.ജെ.പി നേതാക്കൾ വരവേറ്റു.
ഗുജറാത്തിൽ നിന്നെത്തിച്ച തുറന്ന ജീപ്പിലേക്ക് മോദി കയറിയതോടെ പ്രവർത്തകരിൽ ആവേശം അണപൊട്ടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ എന്നിവർ ഇരുവശങ്ങളിലും പിറകിൽ സുരേഷ് ഗോപിയും അനുഗമിച്ചു.

ജില്ല ആശുപത്രി പരിസരം കഴിഞ്ഞ് നീങ്ങിയ റോഡ് ഷോ തെക്കേ ഗോപുര നടയിലെത്തിയപ്പോൾ മൈതാനത്ത് സ്ഥാപിച്ച തന്റെ കൂറ്റൻ ഛായാചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ഇതോടെ ഏറ്റവും കൂടുതൽ ജനം തിങ്ങിക്കൂടിയ തെക്കേഗോപുര നടയുടെ പരിസരം മോദി...മോദി വിളികളാൽ മുഖരിതമായി. റോഡ് ഷോയിൽ പ്രധാനമായും പുരുഷന്മാരായിരുന്നു ഇരുപുറവും.

മണികണ്ഠനാൽ വഴി നടുവിലാൽ പരിസരത്തെത്തിയപ്പോഴേക്കും ആവേശം കൊടുങ്കാറ്റ് കണക്കെ ആരവമായി. നടുവിലാലിലെത്തിയപ്പോൾ സമയം 3.45. നായ്ക്കനാലിന്റെ എതാനും മീറ്റർ അടുത്തുവരെ മാത്രമാണ് ആളുകൾക്ക് പ്രവേശനം ഉണ്ടായിരുന്നത്. 3.50 ഓടെ വേദിയായ വടക്കുന്നാഥ ക്ഷേത്രം മൈതാനത്തേക്ക് പ്രവേശിച്ചു. പരവതാനി വിരിച്ച വഴിയിലൂടെ നടന്ന പ്രധാനമന്ത്രിയെ പുഷ്പവൃഷ്ടി നടത്തിയും ആരവമേറ്റിയും സ്ത്രീകൾ വരവേറ്റു. സ്ത്രീകളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി അവർക്കിടയിലൂടെ വേദിയിലേക്കു കയറി.

വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ ഇടയിലേക്ക് എത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. പറഞ്ഞതിലും ഒന്നര മണിക്കൂറിലേറെ വൈകിയാണ് പ്രധാനമന്ത്രിയെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പൂരനഗരി സ്ത്രീകളെ കൊണ്ട് നിറഞ്ഞു. എസ്.പി.ജിക്കു പുറമേ എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആർ.അജിത്ത് കുമാർ, തൃശൂർ റേഞ്ച് ഐ.ജി അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, റൂറൽ എസ്.പി നവനീത് ശർമ്മ തുടങ്ങിയവർ സുരക്ഷയ്ക്ക് നേതൃത്വം നൽകി. മുപ്പതോളം എൻ.എസ്.ജി കമാൻഡോകളും വാഹനത്തെ അനുഗമിച്ചിരുന്നു.